100 കടക്കാനാകാതെ കേരളം; ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ ഉത്തർപ്രദേശിനോട് പരാജയപ്പെട്ടത് 19 റൺസിന്; 35 റൺസെടുത്ത ദൃശ്യ ഐ വി ടോപ് സ്‌കോറർ
മൊഹാലി: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തിരിച്ചടി. ശക്തരായ ഉത്തർപ്രദേശിനോട് 19 റൺസിന്റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടിയ ഉത്തർപ്രദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന ഭേദപ്പെട്ട സ്കോർ നേടാൻ അവർക്ക് സാധിച്ചു.
ഉത്തർപ്രദേശിനായി ക്യാപ്റ്റൻ സൊനാലി സിംഗ് 22 റൺസെടുത്തു. അവസാന ഓവറുകളിൽ അഞ്ജലി സിംഗ് (31 റൺസ്, 18 പന്തിൽ 5 ഫോർ) നടത്തിയ വെടിക്കെട്ടാണ് ടീമിനെ 100 കടത്തിയത്. നിഷു ചൗധരി 19 റൺസ് നേടി. കേരളത്തിനായി സലോനി ഡങ്കോരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ദർശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതം നേടി.
108 റൺസെന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണർമാരുടെ വേഗത്തിലുള്ള പുറത്താകൽ ടീമിന് തിരിച്ചടിയായി. 35 റൺസെടുത്ത ദൃശ്യ ഐ വി മാത്രമാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സജന സജീവൻ 12 റൺസെടുത്തപ്പോൾ, എസ് ആശ 10 റൺസെടുത്ത് പുറത്തായി
ടീമിലെ മറ്റ് താരങ്ങൾക്ക് രണ്ടക്കം കടക്കാൻ പോലും സാധിക്കാത്തത് തോൽവിയുടെ വ്യാപ്തി വർദ്ധിപ്പിച്ചു. ഉത്തർപ്രദേശിനായി സോനം യാദവ് മൂന്ന് വിക്കറ്റുകളും അർച്ചന ദേവി, അഞ്ജലി സിംഗ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. 18.2 ഓവറിൽ വെറും 88 റൺസിന് കേരളം ഓൾ ഔട്ടാവുകയായിരുന്നു.