ഷാന്റോയെയും ബാബര്‍ അസമിനെയും പിന്നിലാക്കി; അടുത്ത മത്സരത്തില്‍ ലക്ഷ്യം ഇരട്ട സെഞ്ചുറി; ഗില്‍ പ്രചോദനമായി; അമ്പത് ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കും; തുറന്നു പറഞ്ഞ് വൈഭവ് സൂര്യവന്‍ഷി

വമ്പന്‍ പ്രഖ്യാപനവുമായി കൗമാരതാരം വൈഭവ് സൂര്യവംശി

Update: 2025-07-06 08:25 GMT

ലണ്ടന്‍: അണ്ടര്‍ 19 ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ അതിവേഗ സെഞ്ചുറി തികച്ചതിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനവുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അടുത്ത മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടാനാണ് തന്റെ ശ്രമമെന്നും നിശ്ചിത അമ്പത് ഓവര്‍ മുഴുവനായി കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈഭവ് പറഞ്ഞു. ബിസിസിഐ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാനായെന്നും വൈഭവ് പറഞ്ഞു. നൂറും ഇരുന്നൂറും തികച്ചതിന് പിന്നാലെ അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നു. അതിനാല്‍ എനിക്കും അതുപോലെ ദീര്‍ഘനേരം ബാറ്റുചെയ്യണമെന്നുണ്ട്. കാരണം ഞാന്‍ പുറത്തായതിന് ശേഷവും 20 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. - വൈഭവ് പറഞ്ഞു.

ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷമുണ്ട്. അടുത്ത മത്സരത്തില്‍ 200 റണ്‍സ് നേടാന്‍ ശ്രമിക്കും. അമ്പത് ഓവര്‍ മുഴുവനായും ബാറ്റുചെയ്യാനാണ് ശ്രമിക്കുക. ഞാന്‍ റണ്ണെടുക്കുമ്പോള്‍ അതിന്റെ നേട്ടം ടീമിന് ലഭിക്കുന്നു. അതിനാല്‍ മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കുമെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ റെക്കോര്‍ഡിട്ടുവെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും സെഞ്ചുറി നേടിയശേഷം ടീം മാനേജര്‍ അങ്കിത് ആണ് റെക്കോര്‍ഡിന്റെ കാര്യം പറഞ്ഞതെന്നും മത്സരശേഷം വൈഭവ് പറഞ്ഞു. താന്‍ കൂടുതല്‍ റണ്‍സടിക്കുന്നത് ടീമിന് ഗുണകരമാണെന്നും വൈഭവ് പറഞ്ഞു.

ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ വൈഭവ് 78പന്തില്‍ 143 റണ്‍സടിച്ച് റെക്കോര്‍ഡിട്ടിരുന്നു. യൂത്ത് ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് പതിനാലുകാരനായ വൈഭവ് ഇന്നലെ സ്വന്തമാക്കിയത്.

14 വയസും 241 ദിവസവും പ്രായമുള്ളപ്പോള്‍ യൂത്ത് ഏകദിന സെഞ്ചുറി നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ, 15 വയസും 48 ദിവസവും പ്രായമുള്ളപ്പോള്‍ യൂത്ത് ഏകദിന സെഞ്ചുറി നേടിയ മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എന്നിവരെയാണ് 14 വയലും 100 ദിവസവും പ്രായമുള്ള വൈഭവ് ഇന്നലെ പിന്നിലാക്കിയത്. യൂത്ത് മത്സരങ്ങളില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഇന്നലെ വൈഭവ് സ്വന്തം പേരിലാക്കി. 52 പന്തിലാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്. 53 പന്തില്‍ സെഞ്ചുറിയിലെത്തിയ പാകിസ്ഥാന്‍ താരം കമ്രാന്‍ ഗുലാമിന്റെ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്.

2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി.

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 2018ല്‍ കെനിയക്കെതിരെ 191 റണ്‍സ് നേടിയ ശ്രീലങ്കന്‍ താരം ഹസിത ബോയഗോഡയുടെ പേരിലാണ്. ഇന്ത്യന്‍ താര്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 2002ല്‍ ഇംഗ്ലണ്ടിനെതിരെ 177 റണ്‍സടിച്ച അംബാട്ടി റായുഡുവിന്റെ പേരിലും.

ഇന്നലെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ 52 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഏഴ് സിക്‌സും 10 ഫോറും പറത്തിയാണ് മൂന്നക്കം കടന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷവും ക്രീസില്‍ തുടര്‍ന്ന വൈഭവ് ഒടുവില്‍ 143 റണ്‍സെടുത്താണ് മടങ്ങിയത്. 13 ഫോറും 10 സിക്‌സും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്‌സ്. ഇന്ത്യ ജയിച്ച പരമ്പരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 45ഉം ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ 31 പന്തില്‍ 86 റണ്‍സും നേടിയിരുന്നു. ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു.

Tags:    

Similar News