സച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ? എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകം
എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകം
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഐപിഎല്ലിലെ ബാറ്റിങ് വിസ്മയമായ കൗമാരതാരം വൈഭവ് സൂര്യവംശിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചില്ലെങ്കിലും താരതമ്യേന ദുര്‍ബലരായ ടീമുകള്‍ക്കെതിരെ വൈഭവിന് അവസരം നല്‍കാനാണ് സിലക്ടര്‍മാര്‍ ആലോചിക്കുന്നത്. അഗാര്‍ക്കറുടെ 'ആഗ്രഹത്തിന്' മറ്റു സിലക്ടര്‍മാര്‍ പച്ചക്കൊടി വീശിയാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഈ ഇടംകൈ ബാറ്റര്‍ക്കു സ്വന്തമാകും. പക്ഷേ വൈഭവിനായി ആരെ ഒഴിവാക്കുമെന്നതാണു പ്രശ്‌നം.
പതിനാറാം വയസ്സില്‍ കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് വൈഭവ് മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ട്രാവലിങ് റിസര്‍വായെങ്കിലും വൈഭവിനെ ടീമിലെടുക്കണമെന്ന് അഗാര്‍ക്കര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വാര്‍ത്താസമ്മേളനം. യുഎഇ വേദിയാവുന്ന ഏഷ്യാകപ്പിനായി സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നത് യുവതാരങ്ങളേയും ടി20 സ്‌പെഷ്യലിസ്റ്റുകളേയുമാണെന്നാണ് സൂചന. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കില്‍ നിന്ന് മുക്തനായ സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തുടരും.
കഴിഞ്ഞ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ടെത്തലായിരുന്നു വൈഭവ് സൂര്യവംശി. മെഗാലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ വൈഭവ് ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരുക്കേറ്റതോടെ ഓപ്പണറുടെ സ്ഥാനത്താണു വൈഭവ് കളിക്കാനിറങ്ങിയത്. ആദ്യ സീസണില്‍ തന്നെ സെഞ്ചറി നേടി തിളങ്ങിയതോടെ വൈഭവിനെ ദേശീയ ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
മുംബൈയില്‍ നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും പങ്കെടുക്കും. അവസാനം കളിച്ച 12 ടി20 മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്ന സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ്മ കൂട്ടുകെട്ടിന് ഏഷ്യാ കപ്പിലും മാറ്റമുണ്ടായേക്കില്ല. ഇതോടെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ടീമിലേക്കുള്ള വഴിയടയുമെന്നാണ് കരുകുന്നത്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായിരിക്കും. മൂന്നാം നമ്പറില്‍ തിലക് വര്‍മ്മയും സുരക്ഷിതനാണ്. സൂര്യകുമാര്‍, ഹാര്‍ദിക് പണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ മധ്യനിരയിലെ സ്ഥാനം ഉറപ്പ്. ശ്രേയസ് അയ്യരും റിങ്കു സിംഗുമാണ് ബാറ്റിംഗ് നിരയിലെത്താന്‍ മത്സരിക്കുന്നത്.
രണ്ടാം കീപ്പറായി ജിതേഷ് ശര്‍മ്മയെ പരിഗണണിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തും. യുഎഇയിലെ സാഹചര്യങ്ങളും നിലവിലെ ഫോമും പരിഗണിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെയും പരിഗണിച്ചേക്കും. നേരിയ പരിക്കുണ്ടെങ്കിലും ഏഷ്യാ കപ്പില്‍ കളിക്കാന്‍ തയ്യാറാണെന്ന് പേസര്‍ ജസ്പ്രീത് ബുമ്രയും വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഷ്ദീപ് സിംഗിന്റെ സ്ഥാനവും ഉറപ്പാണ്.