സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വിക്കറ്റ് വലിച്ചെറിഞ്ഞ് സച്ചിന്‍ ബേബി; അവസാന പ്രതീക്ഷയായ ജലജ് സക്‌സേനയെ പാര്‍ഥ് രേഖ ബൗള്‍ഡാക്കിയതോടെ പ്രതിരോധം തകര്‍ന്ന് കേരളം; രഞ്ജി ട്രോഫി ഫൈനലില്‍ 342 റണ്‍സിന് പുറത്ത്; വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ നിര്‍ണായക ലീഡ്; നാലാം ദിനത്തിലെ ആദ്യ സെഷന്‍ നിര്‍ണായകം
രഞ്ജി ട്രോഫി ഫൈനലില്‍ കേരളം 342 റണ്‍സിന് പുറത്ത്
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്ക് എതിരെ കേരളം 342 റണ്‍സിന് പുറത്ത്. വിദര്‍ഭ ഉയര്‍ത്തിയ 379 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 125 ഓവര്‍ പിന്നിട്ടപ്പോള്‍ 37 റണ്‍സ് അകലെ ഓള്‍ഔട്ടാവുകയായിരുന്നു. മൂന്നാം സെഷനില്‍ വ്യക്തിഗത സ്‌കോര്‍ 98 റണ്‍സില്‍ നില്‍ക്കേ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും എട്ടാമതായി ജലജ് സക്‌സേനയും (28) പുറത്തായത് കേരളത്തിന് വലിയ തിരിച്ചടിയായി. അര്‍ധ സെഞ്ചുറി നേടിയ ആദിത്യ സര്‍വാതെ, ഫോമിലുള്ള സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, ജലജ്, നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം കേരളത്തിന് നഷ്ടമായത്. ഇതോടെ വിദര്‍ഭയ്ക്ക് 37 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായി.
ആദിത്യ സര്‍വാതെ (185 പന്തില്‍ 79), സല്‍മാന്‍ നിസാര്‍ (42 പന്തില്‍ 21), മുഹമ്മദ് അസ്ഹറുദ്ദീന്‍ (59 പന്തില്‍ 34), സച്ചിന്‍ ബേബി (235 പന്തില്‍ 98), ജലജ് സക്‌സേന (76 പന്തില്‍ 28) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ കേരള ബാറ്റര്‍മാര്‍. ഹര്‍ഷ് ദുബെയെറിഞ്ഞ 56ാം ഓവറിലെ അവസാന പന്ത് ആദിത്യ സര്‍വാതെയുടെ ബാറ്റില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഡാനിഷ് മലേവാര്‍ പിടിച്ചെടുക്കുകയായിരുന്നു. 152 പന്തില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത സര്‍വാതേ - സച്ചിന്‍ ബേബി സഖ്യം പൊളിക്കാന്‍ സാധിച്ചത് വിദര്‍ഭയ്ക്കു നിര്‍ണായകമായി.
സല്‍മാന്‍ നിസാറിനെ ഹര്‍ഷ് ദുബെ എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. സല്‍മാന്‍ നിസാര്‍ ഡിആര്‍എസിനു പോയെങ്കിലും റീപ്ലേയില്‍ ഔട്ടെന്നു വ്യക്തമായി. ലഞ്ചിനു പിരിയുന്നതിനു തൊട്ടുമുന്‍പായിരുന്നു സല്‍മാന്‍ നിസാറിനെ കേരളത്തിനു നഷ്ടമായത്. 95ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ദര്‍ശന്‍ നല്‍കണ്ടെ വിക്കറ്റിനു മുന്നില്‍ കുടുക്കി. സെഞ്ചറിക്കു തൊട്ടുമുന്‍പ് ക്യാപ്റ്റനെ നഷ്ടമായതും കേരളത്തിനു വലിയ തിരിച്ചടിയായി. 324 ല്‍ നില്‍ക്കെ പാര്‍ഥ് രേഖഡെയുടെ പന്തില്‍ വിദര്‍ഭയുടെ മലയാളി താരം കരുണ്‍ നായര്‍ ക്യാച്ചെടുത്താണു സച്ചിനെ പുറത്താക്കിയത്. 76 പന്തില്‍ 28 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് ഒടുവില്‍ പുറത്തായത്. പാര്‍ഥ് രേഖഡെയെറിഞ്ഞ 119ാം ഓവറില്‍ ജലജ് ബോള്‍ഡാകുകയായിരുന്നു.
നായകന്‍ വീണു, പിന്നാലെ കേരളവും
ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിച്ച സച്ചിന്‍ ബേബി മൂന്നാംദിനം അവസാന സെഷനില്‍ പാര്‍ഥ് രേഖാദെയുടെ പന്തില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. 235 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 98 റണ്‍സാണ് നേടിയത്. പത്ത് ഫോറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്നിങ്‌സ്. 76 പന്തുകള്‍ പിടിച്ചുനിന്ന ജലജ് സക്‌സേന 28 റണ്‍സോടെയും ഏദന്‍ ആപ്പിള്‍ ടോം 10 റണ്‍സോടെയും മടങ്ങി. പാര്‍ഥ് രാഖാദെയ്ക്കുതന്നെയാണ് വിക്കറ്റുകള്‍ രണ്ടും. എം.ഡി. നിധീഷിനെ (1) ഹര്‍ഷ് ദുബെയും മടക്കി. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ ദര്‍ശന്‍ നാല്‍ക്കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ഥ് രേഖാദെ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഇന്നിങ്‌സ് വിദര്‍ഭയ്ക്ക് അനുകൂലമാക്കിയത്.
മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 170-ല്‍ എത്തിയപ്പോഴാണ് സര്‍വാതെയെ നഷ്ടമായത്. 185 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 79 റണ്‍സെടുത്ത താരത്തെ ഹര്‍ഷ് ദുബെ പുറത്താക്കുകയായിരുന്നു. ദുബെയുടെ ഫ്‌ളൈറ്റഡ് ഡെലിവറി ഫ്രണ്ട് ഫൂട്ടില്‍ ഡിഫന്‍ഡ് ചെയ്യാനുള്ള സര്‍വാതെയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഡാനിഷ് മാലേവര്‍ അനായാസം കൈക്കലാക്കി. നാലാം വിക്കറ്റില്‍ സച്ചിന്‍ ബേബിയുമൊത്ത് 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സര്‍വാതെ മടങ്ങിയത്.
പിന്നാലെ ടീം സ്‌കോര്‍ 219-ല്‍ നില്‍ക്കെയാണ് സല്‍മാന്‍ നിസാറിനെയും ടീമിന് നഷ്ടമായത്. ഹര്‍ഷ് ദുബെയുടെ പന്തിന്റെ ടേണ്‍ മനസിലാക്കാന്‍ സാധിക്കാതെ പാഡുകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച സല്‍മാന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. പിച്ചിലെ പരുക്കന്‍ ഇടത്ത് കുത്തിയ പന്ത് അപ്രതീക്ഷിതമായ രീതിയില്‍ ടേണ്‍ ചെയ്തു. വിദര്‍ഭ താരങ്ങളുടെ എല്‍ബിഡബ്ല്യു അപ്പീലില്‍ അമ്പയറുടെ വിരലുയര്‍ന്നു. സല്‍മാന്‍ റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. സച്ചിന്‍ - സല്‍മാന്‍ സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയായിരുന്നു ഹര്‍ഷ് ദുബെയുടെ കടുംടേണ്‍.
ആറാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റാണ് പിന്നീട് കേരളത്തിന് നഷ്ടമായത്. 59 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയടക്കം 34 റണ്‍സെടുത്ത താരത്തെ ദര്‍ശന്‍ നല്‍കാണ്ടെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അസ്ഹറുദ്ദീന്‍ റിവ്യൂ എടുത്തെങ്കിലും അമ്പയേഴ്സ് കോള്‍ കേരളത്തിന് വിനയായി. നേരത്തേ വിദര്‍ഭയെ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (14), രോഹന്‍ കുന്നുമ്മല്‍ (0), നാലാമനായെത്തിയ അഹമ്മദ് ഇമ്രാന്‍ (37) എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാം ദിനത്തില്‍ കേരളത്തിന് നഷ്ടമായത്. കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍ (0) ബൗള്‍ഡായി. തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയാണ് നാല്‍ക്കണ്ഡെ മടക്കിയത്. ഇതോടെ രണ്ടിന് 14 എന്ന നിലയിലേക്ക് വീണു കേരളം. എന്നാല്‍ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്‌കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.
നേരത്തെ നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക് ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാകകുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്.
പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്മാന്‍ യാഷ് താക്കൂറിനെ ബേസില്‍ എല്‍ബിയിലും കുടുക്കി. യാഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി. പിന്നാലെ യഷ് റാത്തോഡിനെ (3*) ബേസിലും അക്ഷയ് കനെവാറിനെ(12) ജലജ് സസ്‌കേനയും പുറത്താക്കി. ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറെ(23) ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ വിദര്‍ഭ 335-9ലേക്ക് വീണെങ്കിലും പതിനൊന്നമനായി ക്രീസിലിറങ്ങിയ നചികേത് ഭൂതെ തകര്‍ത്തടിച്ചതോടെ വിദര്‍ഭ വിലപ്പെട്ട 44 റണ്‍സ് കൂടി അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 38 പന്തില്‍ 32 റണ്‍സെടുത്ത നചികേത് ഭൂതെ ഒരു ഫോറും രണ്ട് സിക്സും പറത്തി. ഒടുവില്‍ നചികേതിനെ പുറത്താക്കി എം ഡി നിധീഷാണ് വിദര്‍ഭയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.