ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്‌സറടിക്കുമെന്ന് വീരവാദം; പാണ്ഡ്യയുടെ ആദ്യ പന്തില്‍ ഡക്കായി മടങ്ങി; ഒമാനെതിരെ ഗോള്‍ഡന്‍ ഡക്ക്; യുഎഇക്കെതിരെയും ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് പുറത്ത്; കളിച്ച ആറ് മത്സരങ്ങളില്‍ നാല് ഡക്കുമായി നാണക്കേടിന്റെ ലോക റെക്കോര്‍ഡ്; ടീമില്‍ നിന്ന് മാറ്റിനിര്‍ത്തൂ എന്ന് വഖാര്‍ യൂനിസ്
ബുമ്രയെ വെല്ലുവിളിച്ചു; പാക് താരത്തിന് നാലാം ഡക്ക്, ലോക റെക്കോര്‍ഡ്
ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് മുമ്പ് പേസര്‍ ജസ്പ്രീത് ബുമ്രയുടെ ഓവറിലെ എല്ലാ പന്തും സിക്‌സറടിക്കുമെന്ന് വെല്ലുവിളിച്ച് ശ്രദ്ധേയനായ സയ്യിം അയൂബ് നിലവില്‍ വലിയ നാണക്കേടിലാണ്. ഏഷ്യാ കപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് പുറത്തായതോടെ താരം ടൂര്‍ണമെന്റില്‍ നാല് തവണയാണ് ഡക്കായത്. ഇതോടെ സയ്യിം അയൂബ് നാണക്കേടിന്റെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തി. ബംഗ്ലാദേശിനെതിരെ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാനെ ആദ്യ ഓവറില്‍ നഷ്ടമായതോടെ ബംഗ്ലാദേശിനെതിരെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ അയൂബ് മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങുകയായിരുന്നു. മെഹ്ദി ഹസന്റെ പന്തില്‍ മിഡ് ഓണില്‍ റിഷാദ് ഹൊസൈന് ക്യാച്ച് നല്‍കിയാണ് സയ്യിം അയൂബ് പുറത്തായത്. ഏഷ്യാ കപ്പിന് മുമ്പ് സയിം, ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്‌സറടിക്കുമെന്നായിരുന്നു മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ് അവകാശപ്പെട്ടത്.
ഏഷ്യാ കപ്പില്‍ കളിച്ച ആറ് മത്സരങ്ങളില്‍ അയൂബ് നാലാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും അയൂബ് പൂജ്യത്തിന് പുറത്തായിരുന്നു. ഇന്ന് ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് പുറത്തായതോടെ ഒരു വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ബാറ്ററെന്ന സിംബാബ്വെയുടെ റിച്ചാര്‍ഗ് നഗരവയുടെ റെക്കോര്‍ഡിന് ഒപ്പമാണ് അയൂബ് എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് റിച്ചാര്‍ഡ് നഗരവ ആറ് തവണ പൂജ്യത്തിന് പുറത്തായത്.
ഒരു വര്‍ഷം ടി20 ക്രിക്കറ്റില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായിട്ടുളള സിംബാബ്വെയുടെ ബ്ലെസിംഗ് മുസര്‍ബാനി, സിംബാബ്വെയുടെ റെഗിസ് ചക്ബാവ, ഇന്ത്യയുടെ സഞ്ജു സാംസണ്‍, പാകിസ്ഥാന്റെ ഹസന്‍ നവാസ് എന്നിവരെയാണ് അയൂബ് ഇന്ന് പിന്നിലാക്കിയത്. ഏഷ്യാ കപ്പില്‍ ഒമാനെതിരെ ഗോള്‍ഡന്‍ ഡക്കായ അയൂബ്, ഇന്ത്യക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ പന്തിലായിരുന്നു അയൂബ് ഇന്ത്യക്കെതിരെ മടങ്ങിയത്. യുഎഇക്കെതിരായ മത്സരത്തിലാകട്ടെ മൂന്ന് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 17 പന്തില്‍ 21 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ശ്രീലങ്കക്കെതിരായ അടുത്ത മത്സരത്തില്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.
ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ വീണ്ടും പൂജ്യത്തിന് പുറത്തായതോടെ ഏഷ്യാ കപ്പില്‍ ആറ് ഇന്നിംഗ്‌സില്‍ നിന്ന് അയൂബ് 27 പന്തില്‍ നിന്ന് 23 റണ്‍സ് മാത്രമാണ് നേടിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന പാകിസ്ഥാന്‍ താരങ്ങളില്‍ ഷാഹിദ് അഫ്രീദിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തും അയൂബ് എത്തി. ഒമ്പത് തവണയാണ് അയൂബ് കരിയറില്‍ പൂജ്യത്തിന് പുറത്തായത്. 10 തവണ പൂജ്യത്തിന് പുറത്തായ ഉമര്‍ അക്മല്‍ മാത്രമാണ് ഇനി അയൂബിന് മുന്നിലുള്ളത്.
ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യം
സയിം അയൂബിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് മുന്‍ പാക് താരം വഖാര്‍ യൂനിസ് ആവശ്യപ്പെട്ടു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഡക്കായതോടെയാണ് അയൂബിനെതിരേ വഖാര്‍ രംഗത്തെത്തിയത്. ടൂര്‍ണമെന്റില്‍ ഇത് നാലാം തവണയാണ് താരം ഡക്കായി മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് ഇന്നിങ്സുകളില്‍ ഒന്നില്‍ മാത്രമാണ് സയിമിന് റണ്‍സെടുക്കാന്‍ കഴിഞ്ഞത്. ഇന്ത്യയ്ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 17 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയതു മാത്രമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.
ബൗളിങ്ങില്‍ ഫോമിലാണെങ്കിലും 23-കാരനായ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നാണ് വഖാറിന്റെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് ബാറ്റിങ് ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്നും വഖാര്‍ ചൂണ്ടിക്കാട്ടി. ''രണ്ടാം തവണ ഡക്കായപ്പോള്‍ തന്നെ ഈ വ്യക്തിയെ ബെഞ്ചിലിരുത്തണമെന്ന് ഞാന്‍ പറഞ്ഞതാണ്. അതിനര്‍ഥം അദ്ദേഹം കഴിവില്ലാത്തവനാണ് എന്നല്ല. അദ്ദേഹം വളരെ കഴിവുള്ളവനാണ്. പാകിസ്താന്‍ ക്രിക്കറ്റിന്റെ ഭാവി അദ്ദേഹമാണെന്നും ഞാന്‍ കരുതുന്നു. എന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ശരിയായി നടക്കാത്തപ്പോള്‍ നിങ്ങളുടെ പ്രകടനം താഴെപ്പോകും. അതാണ് ഇവിടെ അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. മൈതാനത്തേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ മോശമായിരുന്നു.'' - വഖാര്‍ ചൂണ്ടിക്കാട്ടി.
''അവന്‍ ഒരു ചെറുപ്പക്കാരനാണ്. ചിലപ്പോള്‍ കളിക്കാന്‍ അനുവദിക്കാതെ അവനെ പരിപാലിക്കേണ്ടതുണ്ട്. പാകിസ്താന്‍ അവനെ തുടര്‍ന്നും കളിപ്പിച്ചു. അവന് പന്തെറിയാന്‍ കഴിയും എന്നതുകൊണ്ടായിരുന്നു അത്. അവന്റെ ബൗളിങ്ങിന്റെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ബാറ്റിങ്ങിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്.'' - വഖാര്‍ കൂട്ടിച്ചേര്‍ത്തു.