അച്ഛന്റെ ഓള്‍റൗണ്ട് മികവിനെ പ്രോത്സാഹിപ്പിച്ച പഴയ പട്ടാളക്കാരന്റെ പേര് മകന്; ബാറ്റിംഗ് കരുത്തിന് ടീമിലെടുത്ത വാഷിങ്ടണ്‍ കിവീസിനെ കടപുഴകി; ഏഴു വിക്കറ്റുമായി ടെസ്റ്റിലും ബൗളിംഗ് ഹീറോ; ട്വന്റി ട്വന്റി ലൈനും ലെഗ്ത്തും പഞ്ച ദിനത്തിലും വിക്കറ്റുക്കളായി; ഗംഭീറിന്റെ കണക്കു കൂട്ടലിന് അപ്പുറം ഗംഭീരമായി വാഷിങ്ടണ്‍ സുന്ദര്‍

Update: 2024-10-24 10:47 GMT

പുണെ: പൂണയിലും ഗൗതം ഗംഭീറിന്റെ നീക്കം ഫലം കണ്ടു. ന്യൂസീലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ബാറ്റിംഗിന് കൂടുതല്‍ കരുത്ത് പകരനായിരുന്നു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ കുഞ്ഞന്‍ സ്‌കോറിന് ഇന്ത്യ തകര്‍ന്നടിഞ്ഞതിനൊപ്പം രണ്ടാം ഇന്നിംഗ്‌സിലും വാലറ്റം ആകെ തളര്‍ന്നു. ഇതാണ് ബംഗ്ലൂരുവില്‍ ടീം ഇന്ത്യയ്ക്ക് തിടിച്ചടിയായത്. ഇത് മനസ്സിലാക്കിയാണ് സുന്ദറിനെ ടീമിലെടുത്തത്. ഇന്ത്യയിലെ വേഗത കുറഞ്ഞ പിച്ചില്‍ മകിച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമെന്ന ലേബലിലായിരുന്നു അത്. പക്ഷേ കളി തുടങ്ങിയപ്പോള്‍ കോച്ചും ക്യാപ്ടനും തന്ത്രം മാറ്റി. പേസ് ബൗളര്‍മാര്‍ക്ക് ശേഷം ആര്‍ ആശ്വിന് പിന്നാലെ പന്തെറിയാന്‍ എത്തിയത് വാഷിങ്ടണ്‍ സുന്ദര്‍. അത് മറ്റൊരു സുവര്‍ണ്ണ നിമഷം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കി. ന്യൂസിലണ്ടിന്റെ ഏഴ് ബാറ്റ്‌സ്മാന്മാരെ പവലിയനിലേക്ക് മടക്കി അശ്വിന്റെ നാട്ടുകാരന്‍ കൂടിയായ സുന്ദര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു പ്രതീക്ഷയായി.

പുണെയിലും ശേഷം മുംബൈയിലും നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയത് ഏവരേയും അത്ഭുതപ്പെടുത്തി. അവസാ ഇലവനില്‍ കുല്‍ദീപ് യാദവിനെ മറികടന്ന് സുന്ദര്‍ ടീമിലുമെത്തി. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തമിഴ്നാടിനായി മൂന്നാം നമ്പറിലിറങ്ങി സുന്ദര്‍ സെഞ്ചുറി നേടിയിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷമാണ് താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം മറ്റൊരു ഫിംഗര്‍ സ്പിന്നറെ കൂടി ആവശ്യമുണ്ടെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സെലക്ടര്‍മാര്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് ടീമിന് പുറത്തും പോയി. ബാറ്റിങ്ങിന് ആഴം കൂട്ടാനും സ്പിന്‍ പിച്ചുകളിലെ സാഹചര്യം പരമാവധി മുതലെടുക്കാനും ലക്ഷ്യമിട്ട് തന്നെയായിരുന്നു ഈ നീക്കം. അപ്പോഴും വാഷിങ്ടണ്‍ സുന്ദറില്‍ നിന്നും ഏഴ് വിക്കറ്റ് നേട്ടം ആരും പ്രതീക്ഷിച്ചു കാണില്ല. എന്നാല്‍ പൂണയില്‍ താരമായി സുന്ദര്‍ താന്‍ ടെസ്റ്റു കളിക്കാനും ബൗളറെന്ന നിലയില്‍ യോഗ്യനാണെന്ന് തെളിയിക്കുന്നു.

ഏകദിന-ട്വന്റി ട്വന്റി ശൈലിയ്ക്ക് യോജിച്ചതാണ് സുന്ദറെന്ന് വിലയിരുത്തിയാണ് ടെസ്റ്റ് ടീമില്‍ സെഞ്ച്വറികള്‍ അടിച്ച് കഴിവ് തെളിയിച്ച തമിഴ്‌നാടുകാരനെ ഒഴിവാക്കിയത്. കൃത്യതയോടെ പന്തെറിയുന്ന സുന്ദറിന് ടെസ്റ്റില്‍ വിക്കറ്റ് നേടാനുള്ള വെറൈറ്റിയില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവമാകെ മാറിയിരിക്കുന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ സ്വാധീനം ടെസ്റ്റിലെ ബാറ്റിംഗിലും കാണാം. ഇത് മനസ്സിലാക്കിയാണ് ഏകദിനത്തിലും ട്വന്റി ട്വന്റിയും വിക്കറ്റ് നേടുന്ന സുന്ദറിനെ പൂണയില്‍ ഇന്ത്യയുടെ രണ്ടാം സ്പിന്നറാക്കിയത്. പിച്ചിന്റെ സ്വഭാവമറിഞ്ഞ് വിക്കറ്റിന് നേരെ നിരന്തരം സുന്ദര്‍ പന്തെറിഞ്ഞു. ഇതോടെ സ്‌കോറിംഗിന് വേഗത കുറഞ്ഞു. താളം കണ്ടെത്താനാകാതെ ന്യൂസിലണ്ടിലെ അവസാന ഏഴു വിക്കറ്റും സുന്ദറൊരുക്കിയ കെണിയില്‍ വീണു. ഗൗതം ഗംഭീറിന്റെ സമാനതകളില്ലാത്ത തന്ത്രം വിജയിക്കുകയാണ്. ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും കൃത്യമായി തന്നെ സുന്ദറിനെ ഉപയോഗിച്ചു.

അഞ്ചു ടെസ്റ്റ് കളിച്ച സുന്ദര്‍ ഇതുവരെ ആറ് ഇന്നിംഗ്‌സിലാണ് ബാറ്റ് ചെയ്തത്. ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍. അതിലൊന്ന് പുറത്താകാതെ നേടിയ 96 റണ്‍സും. ഏതൊരു ബാറ്റ്‌സ്മാനും കൊതിയ്ക്കുന്ന ടെസ്റ്റിലെ തുടക്കം. എന്നിട്ടും ഇന്ത്യയുടെ പുകള്‍പെറ്റ ബാറ്റിംഗ് ഓര്‍ഡര്‍ കാരണം മൂന്ന് വര്‍ഷം പുറത്തിരിക്കേണ്ടി വന്നു. ബൗളിംഗിലെ മാസ്മരികത കൊണ്ടു മാത്രമേ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കഴിയൂവെന്ന് സുന്ദര്‍ തിരിച്ചറിഞ്ഞു. ട്വന്റി ട്വന്റി ക്രിക്കറ്റിലെ കൃത്യതയിലൂടെ തന്നെ അത് സാധിക്കാമെന്നും വിശ്വസിച്ചു. അതിന്റെ പ്രതിഫലനമാണ് പൂണയിലെ ഏഴുവിക്കറ്റുകള്‍. രവീന്ദ്ര ജഡേജയും അശ്വിനും കളിമതിയാക്കിയാലും ആ വിടവ് നികത്താനൊരു റിസ്റ്റ് സ്പിന്നര്‍ ഓര്‍ റൗണ്ടര്‍. തമിഴ്‌നാടിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തു തുടങ്ങിയ സുന്ദര്‍ കളിയിലെ നിലനില്‍പ്പിന് വേണ്ടി സ്പിന്‍ ബൗളിംഗും പരിശീലിക്കുകയായിരുന്നു. അങ്ങനെയാണ് ട്വന്റി ട്വന്റിയില്‍ സൂപ്പര്‍ ഓള്‍റൗണ്ടറായി സുന്ദര്‍ മാറിയത്.

ക്രിക്കറ്റ് കളിക്കാരനായ അച്ഛന്‍, അച്ഛന്റെ കളിയെ സ്നേഹിച്ച് കുടുംബത്തിന് തുണയായ പി.ഡി. വാഷിങ്ടണ്‍ എന്ന പഴയ പട്ടാളക്കാരന്‍, അച്ഛനും വാഷിങ്ടണും തമ്മിലുള്ള ഹൃദയബന്ധം... അങ്ങനെ പലതും. 1990കളില്‍ തമിഴ്‌നാട് ഫസ്റ്റ് ഡിവിഷന്‍ ക്രിക്കറ്റില്‍ തിളങ്ങിയ ഓള്‍റൗണ്ടറായിരുന്നു വാഷിങ്ടണിന്റെ അച്ഛന്‍ എം. സുന്ദര്‍. ചെന്നൈയിലെ ആല്‍വാര്‍പേട്ട് ഗ്രൗണ്ടില്‍ സുന്ദറിന്റെ കളികാണാന്‍ പി.ഡി. വാഷിങ്ടണ്‍ എന്ന വിമുക്തഭടന്‍ സ്ഥിരമായി എത്തിക്കൊണ്ടിരുന്നു. കളിയെ പ്രോത്സാഹിപ്പിച്ചെന്നു മാത്രമല്ല, സുന്ദറിന് പഠിക്കാനുള്ള സാമ്പത്തികസഹായവും ആത്മവിശ്വാസവും പകര്‍ന്നു. സുന്ദറിന്റെ വളര്‍ച്ചയില്‍ അദ്ദേഹം അതിയായി സന്തോഷിച്ചു. കുടുംബത്തിലെ ഒരംഗംപോലെയായി.

1999-ല്‍ വാഷിങ്ടണ്‍ മരിച്ച് കുറച്ചുമാസങ്ങള്‍ക്കുശേഷമാണ് സുന്ദറിന് ഒരു മകന്‍ ജനിച്ചത്. പ്രസവിച്ച ഉടന്‍ കുട്ടിക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് സുന്ദര്‍ മകന് ശ്രീനിവാസന്‍ എന്ന് പേരുവിളിച്ചു. പിന്നീട്, ദൈവതുല്യനായ വാഷിങ്ടണ്‍ എന്ന വലിയ മനുഷ്യനെ ഓര്‍ത്തു. അങ്ങനെ വാഷിങ്ടണ്‍ സുന്ദര്‍ എന്ന് പേരുമാറ്റി. സുന്ദറിന് സാധിക്കാത്തത് മകന്‍ നേടുകയാണ് ക്രിക്കറ്റില്‍. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 259 റണ്‍സിനു പുറത്താകുന്നത് ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറിന്റെ മികവിലാണ്. സുന്ദര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്രയും ന്യൂസീലന്‍ഡിനായി അര്‍ധ സെഞ്ചറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി.

മിച്ചല്‍ സാന്റ്‌നര്‍ (51 പന്തില്‍ 33), വില്‍ യങ് (45 പന്തില്‍ 18), ഡാരില്‍ മിച്ചല്‍ (54 പന്തില്‍ 18), ടോം ലാഥം (22 പന്തില്‍ 15) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ന്യൂസീലന്‍ഡിന്റെ വിക്കറ്റുകള്‍ വാഷിങ്ടന്‍ സുന്ദറും അശ്വിനും പങ്കിട്ടെടുക്കുകയായിരുന്നു. 23.1 ഓവറുകള്‍ പന്തെറിഞ്ഞ വാഷിങ്ടന്‍ സുന്ദര്‍ 59 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 24 ഓവറുകള്‍ എറിഞ്ഞ അശ്വിന്‍ 64 റണ്‍സ് വഴങ്ങി.

Tags:    

Similar News