ഇന്ത്യക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; വിന്‍ഡീസ് 248 റണ്‍സിന് പുറത്ത്; വിന്‍ഡീസിനെതിരെ ഫോളോ ഓണ്‍ ചെയ്യിച്ച് ഇന്ത്യ; കുല്‍ദീപിന് അഞ്ച് വിക്കറ്റ്

Update: 2025-10-12 08:02 GMT

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. 518 റണ്‍സെന്ന ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് മറുപടിയായി വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ഔട്ട് ആയി. 270 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിച്ചു.

മൂന്നാം ദിനം 140 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ്, തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ ചുഴിയില്‍ കുടുങ്ങുകയായിരുന്നു. സ്പിന്നര്‍ അഞ്ചു വിക്കറ്റ് നേടി കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കുറിച്ചു. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും ബുമ്രയും സിറാജും ഓരോ വിക്കറ്റും നേടി വിന്‍ഡീസിന്റെ പ്രതിരോധം തകര്‍ത്തു.

ഷായ് ഹോപ്പ് (36)യും ടെവിന്‍ ഇമ്ലാച്ച് (21)യും ഒന്ന് പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ച്ചയായ വിക്കറ്റുകള്‍ ടീമിനെ തളര്‍ത്തി. ജസ്റ്റിന്‍ ഗ്രീവ്സ് (17) അടക്കം മധ്യനിര തകര്‍ന്നതോടെ സ്‌കോര്‍ 175-8 ആയി വീണു. തുടര്‍ന്ന് പിയറി (23) ആന്‍ഡേഴ്സണ്‍ ഫിലിപ്പ് (24*) കൂട്ടുകെട്ട് 46 റണ്‍സ് ചേര്‍ത്ത് നിലനില്‍പ്പിന് ശ്രമിച്ചെങ്കിലും ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറില്‍ ബുമ്ര പിയറിയെ ബൗള്‍ഡ് ചെയ്ത് ആ പ്രതീക്ഷയും അസ്തമിപ്പിച്ചു.

അവസാന വിക്കറ്റില്‍ ഫിലിപ്പിനൊപ്പം ജെയ്ഡന്‍ സീല്‍സ് (13) ചെറുത്തുനിന്നെങ്കിലും കുല്‍ദീപിന്റെ സ്പിന്‍ മായാജാലം അവസാനിച്ചു വെസ്റ്റ് ഇന്‍ഡീസ് പ്രതിരോധം തകര്‍ന്നു. 82 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ കുല്‍ദീപ് മത്സരത്തിന്റെ താരമായി. ജഡേജയും ബൗളിംഗ് അറ്റാക്കില്‍ മികച്ച പിന്തുണ നല്‍കി. വിന്‍ഡീസ് ബാറ്റിംഗ് തകര്‍ന്നതോടെ ഇന്ത്യയുടെ ആധിപത്യം കൂടി ശക്തമായി. 270 റണ്‍സിന്റെ ഭീമമായ ലീഡോടെ ഇന്ത്യ വിജയത്തിന് ഒരു പടി മാത്രം അകലെയാണ്.

Tags:    

Similar News