കോഹ് ലിയും അനുഷ്‌കയും ലണ്ടനിലേക്ക് താമസം മാറ്റിയത് എന്തിന്? കാരണം വെളിപ്പെടുത്തി ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ്
ക്രിക്കറ്റ് കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ജീവിതത്തിന്റെ മറ്റൊരു പുതിയ അധ്യായത്തിലേക്ക് മുന്നേറുകയാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ ട്വന്റി20 ടീമില്‍ നിന്ന് വിരമിച്ചെങ്കിലും, ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനു വേണ്ടി ബാറ്റ് വീശുന്ന കോഹ്ലിയുടെ ഫോമില്‍ കുറവൊന്നുമില്ല. സീസണില്‍ 400 റണ്‍സിനടുത്ത് എത്തി, റണ്‍വേട്ടയില്‍ രണ്ടാമത് നിലക്കുകയാണ്.
ഇതിനിടെ, കോഹ്ലിയും ഭാര്യയും നടിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചതിനുള്ള കാരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ് ഡോ. ശ്രീറാം നെനെ രംഗത്തെത്തി. കുട്ടികളെ സാധാരണ ജീവിതരീതിയില്‍ വളര്‍ത്തുന്നതിനും ജീവിതം ആശ്വാസത്തോടെ ആസ്വദിക്കാനുമാണ് ദമ്പതികള്‍ ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
'അവരുടെയെല്ലാ നീക്കങ്ങളും ശ്രദ്ധനേടുന്നതാണ്. ഓരോ സംഭവത്തിലും സെല്‍ഫി കോള്‍, ആരാധകന്റെ ആകാംക്ഷ എന്നിവ അവരുടെ പ്രൈവസിയെ തന്നെ ബാധിക്കുന്നു. ഇതിനാലാണ് ലണ്ടനിലേയ്ക്ക് മാറാന്‍ അവര്‍ ആലോചിച്ചത്' -യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയയുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ശ്രീറാം നെനെ പറഞ്ഞു.
കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ ഉള്‍പ്പെടെയുള്ളവരും ദമ്പതികള്‍ യു.കെയിലേക്ക് താമസം മാറിയതായി മുന്‍പ് തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതുവരെ കോഹ്ലിയും അനുഷ്‌കയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കുട്ടികളുടെ സ്ഥിരതയും, സ്വകാര്യതയും മുന്‍നിര്‍ത്തിയാണ് ഈ പുതിയ മാറ്റം എന്നതാണ് ഇപ്പോഴത്തെ സൂചന.