'പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല; മറ്റ് ടീമുകള്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു അവര്‍ ജയിക്കുന്നു; പാക് ടീമിന് സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്; പക്ഷേ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല'; പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍

Update: 2025-03-01 09:32 GMT

ലാഹോര്‍: സ്വന്തം നാട്ടില്‍ നടന്ന ചമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ജയം പോലുമില്ലാതെ തുടക്കത്തില്‍ തന്നെ പാകിസ്ഥാന്‍ ടീം പുറത്തായിരുന്നു. ടീമിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അസിഫ് ഇഖ്ബാല്‍ രംഗത്തെത്തി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു നിലവില്‍ വലിയ കുഴപ്പമില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റിന് എന്താണു കുഴപ്പമെന്നു ആരും തിരക്കുന്നില്ലെന്നും ആസിഫ് പറയുന്നു.

പാകിസ്ഥാന്‍ ടീമിനു സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്. ഓസ്ട്രേലിയയോടും പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റാണ് ഇംഗ്ലണ്ട് പുറത്തായിരിക്കുന്നത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അവര്‍ അവസാന മത്സരം കളിക്കാനിറങ്ങുന്നുണ്ട്. ഇന്ന് ജയിച്ചാലും ഇംഗ്ലണ്ടിനു കാര്യമില്ല. 'പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല. മറ്റ് ടീമുകള്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു അവര്‍ ജയിക്കുന്നു. ആദ്യം ബാറ്റ് ചെയ്താലും സ്‌കോര്‍ പിന്തുടര്‍ന്നാലും എതിരാളികള്‍ മികച്ച ക്രിക്കറ്റ് കളിച്ചതിനാലാണ് ഞങ്ങള്‍ തോറ്റത്.

എന്നാല്‍ ഇംഗ്ലണ്ട് ടീമിന്റെ കുഴപ്പത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അതെന്താണ് അങ്ങനെ. ഓസ്ട്രേലിയക്കെതിരെ അവര്‍ 351 റണ്‍സെടുത്തു. ഇംഗ്ലീഷ് ടീമിനു അതു പ്രതിരോധിക്കാന്‍ പറ്റിയില്ല. പിന്നാലെ അഫ്ഗാനിസ്ഥാനെതിരെ അവര്‍ 326 റണ്‍സ് പിന്തുടര്‍ന്നു. അതും അവര്‍ പരാജയപ്പെട്ടു.''നിലവിലെ പാകിസ്ഥാന്‍ ടീമിനെ മറ്റ് ടീമുകളുമായി തുലനം ചെയ്യുന്നതില്‍ വലിയ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല. ആരാധകര്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. ഇന്ത്യ ഒന്നാം റാങ്കില്‍ നില്‍ക്കുന്ന ടീമാണ്. പാകിസ്ഥാന്‍ അവസാന സ്ഥാനങ്ങളിലുമാണ്. രണ്ട് അതികായ ടീമുകളുടെ ഏറ്റുമുട്ടലായി ഇതിനെ എങ്ങനെ കണക്കാക്കും.

ആരാധകര്‍ക്ക് യാഥാര്‍ഥ്യ ബോധമില്ലെന്നാണ് എന്റെ നിരീക്ഷണം. ടെന്നീസില്‍ ഒന്നാം റാങ്കിലുള്ള താരം മൂന്നോ, നാലോ റാങ്കിലുള്ള എതിരാളിയുമായി ഏറ്റുമുട്ടുകയാണെങ്കില്‍ അതിനെ ടൈറ്റന്‍സ് പോരാട്ടമെന്നു പറയാം. 100ാം റാങ്കിലുള്ള ഒരു താരവുമായി നൊവാക് ജോക്കോവിച് കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹം ജയിക്കുമെന്നു മുന്‍കൂട്ടി തന്നെ പറയാന്‍ സാധിക്കും. തിരിച്ചാണ് മത്സര ഫലം വരുന്നതെങ്കില്‍ അതൊരു ഞെട്ടിക്കുന്ന ഫലമാണെന്നു പറയാം.'

'ഞാന്‍ പാകിസ്ഥാന്‍ ടീമിനെ ഇകഴ്ത്തി പറയുകയല്ല. എന്നാല്‍ ഐസിസി ഇവന്റില്‍ നിലവിലെ പാക് ടീം ഇന്ത്യയെയോ മറ്റേതൊരു ടീമിനേയോ തോല്‍പ്പിച്ചാല്‍ അതു എതിര്‍ ടീമിന്റെ മോശം ദിനം മാത്രമായിരിക്കും എന്നാണ് പറയേണ്ടി വരിക. കാരണം ഈ പാകിസ്ഥാന്‍ ടീം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് രണ്ടാം നിര സംഘത്തോടു പോലും സ്വന്തം നാട്ടില്‍ പരാജയപ്പെട്ടാണ് ചാംപ്യന്‍സ് ട്രോഫി കളിച്ചത്. അതിനാല്‍ ഈ അവസ്ഥയില്‍ അതിശയിക്കാന്‍ മാത്രം കാര്യങ്ങളൊന്നുമില്ല. ഭാവിയിലേക്ക് അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികളാണ് വേണ്ടത്'- അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News