വനിതാ ടി20 ലോകകപ്പ്; ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് അവസാനം; ഗ്രൂപ്പ് ബിയിൽ നിന്നും സെമിയിലെത്തുന്ന ടീമുകളെ ഇന്നറിയാം; വെസ്റ്റ് ഇൻഡീസിനു ജയം അനിവാര്യം; എതിരാളികൾ ശക്തരായ ഇംഗ്ലണ്ട്
ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് അവസാനം. ഗ്രൂപ്പ് ബി യിൽ നിന്നും സെമിയിലേക്ക് ആരൊക്കെ എത്തുമെന്ന് ഇന്നത്തെ മത്സര ശേഷം വ്യക്തമാവും. ഗ്രൂപ്പ് എ യിൽ നിന്നും ഓസ്‌ട്രേലിയയും ന്യൂസിലാൻഡും സെമി യോഗ്യത നേടിയിരുന്നു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടും.
സെമി യോഗ്യത നേടാൻ വെസ്റ്റ് ഇൻഡീസിനു ജയം അനിവാര്യമാണ്. അതേസമയം, ഇംഗ്ലണ്ടിനാകട്ടെ മത്സരം വലിയ മാർജിനിൽ തോൽക്കാനുമാവില്ല. അങ്ങനെ വന്നാൽ തൊട്ട് പിന്നിലുള്ള സൗത്ത് ആഫിക്കയാവും സെമിയിലേക്ക് യോഗ്യത നേടുക. ഇന്ന് വെസ്റ്റ് ഇൻഡീസ് ജയിച്ചാൽ 3 ടീമുകൾക്ക് ഗ്രൂപ്പിൽ 6 പോയിന്റാകും. അങ്ങനെ വന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയിലേക്കുള്ള രണ്ട് ടീമുകളെ തിരഞ്ഞെടുക്കുക.
ഈ ലോകകപ്പിൽ മികച്ച ഫോമിലാണ് ഇംഗ്ളീഷ് പട. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ ജയിച്ചിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരാജയമറിയാതെ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയാവും അവരുടെ ലക്‌ഷ്യം. വലിയ ആത്മവിശ്വാസത്തിലാവും ഇംഗ്ലണ്ട് ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ ഇറങ്ങുക.
മറുവശത്ത് ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോറ്റ വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽ മികച്ച തിരിച്ചു വരവ് നടത്തി. ബംഗ്ളാദേശിനെതിരെയും സ്കോട്ലൻഡിനെതിരെയും ആധികാരിക ജയം സ്വന്തമാക്കാൻ അവർക്കായി.
കണക്കുകളിലും വ്യക്തമായ ആധിപത്യം വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിനുണ്ട് കളിച്ച 28 ടി20കളിൽ എട്ടെണ്ണത്തിൽ മാത്രമാണ് വെസ്റ്റ് ഇൻഡീസിന് ജയിക്കാനായത്. എന്നാൽ കണക്കുകൾ മറന്ന് മികച്ച പ്രകടനം പുറത്തെടുത്ത് സെമിയിലെത്താനാകും വെസ്റ്റ് ഇൻഡീസിന്റെ കണക്കുകൂട്ടൽ. എ ഗ്രൂപ്പ്പിൽ നിന്നും ഓസ്‌ട്രേലിയ, ന്യൂസീലൻഡ് സെമിയിലേക്ക് യോഗ്യത നേടി. ഇവർക്കായുള്ള എതിരാളികളെ ഇന്നത്തെ മത്സര ശേഷം അറിയാനാകും.