വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പാക്കിസ്ഥാൻ വിട്ടുനിൽക്കും; ടീം അംഗങ്ങളോ ഔദ്യോഗിക പ്രതിനിധികളോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
ഗുവാഹതി: ഇന്ത്യയും ശ്രീലങ്കയും വേദിയൊരുക്കുന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പാക്കിസ്ഥാൻ വിട്ടുനിൽക്കും. സെപ്റ്റംബർ 30ന് ഗുവാഹതിയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ പാക്കിസ്ഥാൻ താരങ്ങൾ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളുടെയും നയതന്ത്ര ഭിന്നതകളുടെയും പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ ഈ തീരുമാനം.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഫാത്തിമ സന ഉൾപ്പെടെയുള്ള ടീം അംഗങ്ങളോ ഔദ്യോഗിക പ്രതിനിധികളോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സരത്തിന് മുമ്പായി നടക്കുന്ന ചടങ്ങിൽ പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ നയിക്കുന്ന സംഗീത നിശയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും പരസ്പരം കളിക്കേണ്ടതില്ലെന്ന തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ പിന്മാറ്റം.
വനിതാ ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങൾക്കും ശ്രീലങ്കയിലെ കൊളംബോയാണ് വേദിയാവുന്നത്. ഒക്ടോബർ 5ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. പാക്കിസ്ഥാൻ സെമിഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ അവരുടെ മത്സരങ്ങൾ കൊളംബോയിൽ തന്നെ നടത്താനാണ് ഫിക്സ്ചറിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ, അവർക്ക് സെമിയിലോ ഫൈനലിലോ എത്താൻ കഴിഞ്ഞില്ലെങ്കിൽ, അവസാന ഘട്ട മത്സരങ്ങൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തും.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങൾക്കിടയിലുള്ള കായിക ബന്ധം വഷളായിരുന്നു. തുടർച്ചയായ സംഘർഷങ്ങൾ കായിക രംഗത്തെ ബന്ധങ്ങളെയും ബാധിച്ചു. ഇതിനുമുമ്പ് ലെജൻഡ്സ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരങ്ങൾ ഇന്ത്യൻ ടീം ബഹിഷ്കരിക്കുകയും, കഴിഞ്ഞ ഫെബ്രുവരിയിൽ പാക്കിസ്ഥാൻ വേദിയായ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് ദുബായിലായിരുന്നു ഇന്ത്യയുടെ മത്സരങ്ങൾ.