വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ദീപ്തി ശർമ്മയ്ക്ക് വൻ നേട്ടം; ഡബ്ല്യു.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം; സ്റ്റാർ ഓൾ റൗണ്ടറെ യു.പി. വാരിയേഴ്‌സ് ടീമിലെത്തിച്ചത് 3.2 കോടിക്ക്

Update: 2025-11-27 11:17 GMT

ന്യുഡൽഹി: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യു.പി.എൽ.) 2026 മെഗാ ലേലത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓൾറൗണ്ടറായ ദീപ്തി ശർമ്മയ്ക്ക് റെക്കോർഡ് നേട്ടം. ലേലത്തിൽ 3 കോടി രൂപ കടന്ന ആദ്യ താരമായി ദീപ്തി മാറി. കഴിഞ്ഞ സീസണിലെ ടീമായിരുന്ന യു.പി. വാരിയേഴ്‌സ് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് 3.2 കോടിക്ക് താരത്തെ തിരികെ ടീമിലെത്തിക്കുകയായിരുന്നു.

ലേലത്തിന് മുൻപ് യു.പി. വാരിയേഴ്‌സ് ദീപ്തി ശർമ്മയെ റിലീസ് ചെയ്തിരുന്നു. എന്നാൽ, താരത്തിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങൾ, പ്രത്യേകിച്ച് 2025 ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനം, ദീപ്തിയെ ഏറ്റവും അധികം ആവശ്യക്കാരുള്ള താരമാക്കി മാറ്റി. ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരം നേടിയത് ദീപ്തിയായിരുന്നു. ലോകകപ്പിൽ 215 റൺസ് നേടുകയും 22 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത അവർ തന്റെ ഓൾറൗണ്ടർ മികവ് തെളിയിച്ചു.

ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 58 റൺസും 5/39 എന്ന ബൗളിംഗ് പ്രകടനവും നടത്തി ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ അവിസ്മരണീയ പ്രകടനങ്ങളാണ് ദീപ്തിയുടെ ലേലമൂല്യം കുത്തനെ ഉയർത്തിയത്.ലേലത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ ദീപ്തിയെ സ്വന്തമാക്കാൻ ടീമുകൾ മത്സരിച്ചു. ഡൽഹി ക്യാപിറ്റൽസാണ് 50 ലക്ഷം അടിസ്ഥാന വിലയിൽ ലേലം ആരംഭിച്ചത്.

കടുത്ത മത്സരം നടന്നെങ്കിലും, അപ്രതീക്ഷിതമായി ഡൽഹി ക്യാപിറ്റൽസ് ലേലത്തുക അതിവേഗം ഉയർത്തി 3.2 കോടിയിലെത്തിച്ചു. ഈ ഘട്ടത്തിലാണ് യു.പി. വാരിയേഴ്‌സ് തങ്ങളുടെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാൻ തീരുമാനിച്ചത്. ഡൽഹി ക്യാപിറ്റൽസിന്റെ അവസാന തുകയായ 3.2 കോടിക്ക് തന്നെ ദീപ്തിയെ യു.പി. വാരിയേഴ്‌സ് തിരികെ ടീമിലെടുക്കുകയായിരുന്നു.

ഇതോടെ ഡബ്ല്യു.പി.എൽ. ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി ദീപ്തി ശർമ്മ മാറി. ഓസ്‌ട്രേലിയൻ താരം ആഷ്‌ലീ ഗാർഡ്‌നറിനൊപ്പമാണ് ദീപ്തി ഈ നേട്ടം പങ്കിടുന്നത്. ₹3.4 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ സ്മൃതി മന്ഥാനയാണ് ഇപ്പോഴും ഏറ്റവും വിലയേറിയ താരം. മുൻപ് 2.6 കോടി രൂപയ്ക്കാണ് ദീപ്തി യു.പി. വാരിയേഴ്‌സിൽ കളിച്ചിരുന്നത്. താരത്തെ റിലീസ് ചെയ്ത ശേഷം വീണ്ടും ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസിക്ക് 60 ലക്ഷം അധികം ചെലവഴിക്കേണ്ടി വന്നു.

25 ഡബ്ല്യു.പി.എൽ. മത്സരങ്ങളിൽ നിന്ന് 507 റൺസും 27 വിക്കറ്റുകളും നേടിയ താരമാണ് ദീപ്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിയുടെ ഗതി മാറ്റാൻ കഴിവുള്ള ദീപ്തിയുടെ തിരിച്ചു വരവ് യു.പി. വാരിയേഴ്‌സിന് വലിയ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. ഇതുകൂടാതെ, യു.പി. വാരിയേഴ്‌സ് തങ്ങളുടെ മറ്റൊരു പ്രധാന താരമായ സോഫി എക്ലെസ്റ്റോണിനെയും 85 ലക്ഷത്തിന് ആർടിഎം കാർഡ് ഉപയോഗിച്ച് തിരികെ ടീമിലെത്തിച്ചു.

Tags:    

Similar News