എനിക്ക് കഴിയുന്നിടത്തോളം കളിക്കാന്‍ ശ്രമിക്കും; റണ്‍ ഔട്ട് അതിന്റെ ഭാഗമാണ്...കുഴപ്പമില്ല..!!; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിലെ തന്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ജയ്‌സ്വാള്‍
ഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 175 റൺസെടുത്ത് പുറത്തായ റണ്ണൗട്ടിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി തുടങ്ങി ഏതാനും ഓവറുകൾക്കുള്ളിൽ പുറത്തായത് ആരാധകർക്കിടയിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. മിഡ് ഓഫിലേക്ക് അടിച്ച പന്തിൽ അതിവേഗ സിംഗിളിന് ശ്രമിക്കുന്നതിനിടയിലാണ് ജയ്‌സ്വാൾ റണ്ണൗട്ടായത്.
"എനിക്ക് സാധ്യമാകുന്നത്ര കളിക്കാനും ടീമിനെ മുന്നോട്ട് നയിക്കാനുമാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. ആ റണ്ണൗട്ട് കളിയുടെ ഭാഗമായിരുന്നു, അതിൽ കുഴപ്പമില്ല. എനിക്ക് എന്ത് നേടാനാകുമെന്നും എന്റെയും ടീമിന്റെയും ലക്ഷ്യങ്ങളെക്കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്," ജയ്‌സ്വാൾ പറഞ്ഞു.
ഡൽഹിയിലെ വിക്കറ്റ് മികച്ചതാണെന്നും, ആദ്യ മണിക്കൂറുകളിൽ പന്തിനുണ്ടായിരുന്ന ചലനം കാരണം ശ്രദ്ധയോടെയാണ് കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് വേഗത്തിൽ റൺ കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിലവിൽ വിൻഡീസിനെ എത്രയും പെട്ടെന്ന് പുറത്താക്കി മത്സരം സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ടീം.
പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിൽ ജയ്‌സ്വാൾ നിരാശ പ്രകടമാക്കിയിരുന്നു. തൻ്റെ കോളിൻ്റെ തെറ്റാണെന്ന് അദ്ദേഹം സഹതാരം ശുഭ്മാൻ ഗില്ലിനോട് വിളിച്ചുപറയുന്നത് കേൾക്കാനായി. വിക്കറ്റ് കീപ്പറുടെ കൈയ്യിൽ നിന്ന് പന്ത് വീഴും മുമ്പ് സ്റ്റംപ് തെറിച്ചോ എന്ന സംശയത്തിൽ അൽപനേരം ഗ്രൗണ്ടിൽ നിന്നുവെങ്കിലും, പിന്നീട് വീഡിയോ പരിശോധനയിൽ റണ്ണൗട്ടാണെന്ന് വ്യക്തമായി.