'രാത്രി വൈകിയുള്ള പാര്‍ട്ടികള്‍...; കാമുകിമാരുമൊത്തുള്ള കറക്കം; ഒടുവില്‍ യുവരാജ് അഭിഷേകിനെ പൂട്ടിയിട്ടു; അവന്റെ അച്ഛന് അവനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ യുവരാജിനെ ഏല്‍പ്പിക്കുകയായിരുന്നു; ശുഭ്മാന്‍ ഗില്ലിനെ യുവരാജ് കൈകാര്യം ചെയ്തതും അതേ രീതിയില്‍'; വെളിപ്പെടുത്തി യോഗ്രാജ് സിംഗ്
ഒടുവില്‍ യുവരാജ് അഭിഷേകിനെ പൂട്ടിയിട്ടു; വെളിപ്പെടുത്തി യോഗ്രാജ് സിംഗ്
ചണ്ഡീഗഡ്: ഐപിഎല്ലില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെയും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഇരുവരുടെയും കരിയറിന്റെ തുടക്കത്തില്‍ പ്രതിഭ തിരിച്ചറിഞ്ഞ് ഇവരെ പ്രചോദിപ്പിച്ചത് യുവരാജ് സിങ് ആയിരുന്നു. തന്റെ കരിയര്‍ രൂപപ്പെടുത്തിയതിന് യുവരാജിന്റെ പേര് അഭിഷേക് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അഭിഷേകിന്റെയും ഗില്ലിന്റെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ എങ്ങനെയാണ് യുവരാജ് ഇടപെട്ടതെന്ന് വെളിപ്പെടുത്തുകയാണ് യുവരാജിന്റെ പിതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യോഗ്രാജ് സിംഗ്.
പഞ്ചാബിലെ വിവിധ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റുകളില്‍ അഭിഷേകിന്റെ മികച്ച പ്രകടനം യുവരാജ് തുടക്കത്തിലെ ശ്രദ്ധിച്ചിരുന്നുവെന്നും യോഗ്രാജ് സിംഗ് ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞുപറഞ്ഞു. അഭിഷേകിന്റെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട യുവി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിഷേകിനെ ഒരു ബൗളറായാണ് പഞ്ചാബ് ക്രിക്കറ്റ് അസോസേയിഷന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വിവിധ പ്രായപരിധിയില്‍ അതിനോടകം തന്നെ 24 സെഞ്ചുറികള്‍ അടിച്ചൊരു താരത്തെ എങ്ങനെയാണ് ബൗളറായി കണക്കാക്കുന്നതെന്ന് യുവി തിരിച്ചു ചോദിച്ചു.
അഭിഷേകിന്റെ റെക്കോര്‍ഡുകള്‍ യുവി എനിക്ക് അയച്ചുതന്നിരുന്നു. ഒരാളുടെ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ കഴിയുമെന്ന് അപ്പോള്‍ ഞാനവനോട് പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് അഭിഷേകിന്റെ അച്ചടക്കമില്ലാത്ത ജീവിതശൈലി കൈകാര്യം ചെയ്യാന്‍ അവന്റെ പിതാവിനെക്കൊണ്ട് കഴിയുമായിരുന്നില്ല. അങ്ങനെയാണ് രാത്രി വൈകിയുള്ള നിശാപാര്‍ട്ടികളില്‍ നിന്നും ഇടയ്ക്കിടെ കാമുകിമാരെ കാണുന്നതില്‍ നിന്നും യുവരാജ് അഭിഷേകിനെ വിലക്കിയത്.
രാത്രി വൈകിയുള്ള പാര്‍ട്ടികള്‍... കാമുകിമാരുമൊത്തുള്ള കറക്കം. അവന്റെ അത്തരം പരിപാടികളെല്ലാം യുവി അവസാനിപ്പിച്ചു. അവന്റെ അച്ഛന് അവനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ അവനെ യുവരാജിനെ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി വൈകിയാല്‍ നീ എവിടെയാണ്' എന്ന് യുവി അലറിച്ചോദിക്കും. രാത്രി 9 മണിയായാല്‍, ഉറങ്ങാന്‍ പോകാന്‍ ശഠിച്ചു. 5 മണിക്ക് തന്നെ ഉണരാന്‍ നിര്‍ബന്ധിച്ചു-യോഗ്രാജ് പറഞ്ഞു.
ശുഭ്മാന്‍ ഗില്ലിനെ യുവരാജ് കൈകാര്യം ചെയ്തത് അതേ രീതിയിലാണെന്നും യോഗ്രാജ് കൂട്ടിച്ചേര്‍ത്തു. യുവരാജിന്റെ കീഴിലെത്തിയിരുന്നില്ലെങ്കില്‍ അഭിഷേക് ശര്‍മ്മയെപ്പോലുള്ള ഒരു പ്രതിഭയെ രാജ്യത്തിന് നഷ്ടപ്പെട്ടേനെ എന്നും യോഗ്രാജ് പറഞ്ഞു. പിന്നെ എന്ത് സംഭവിച്ചു? വജ്രം മറ്റൊരു വജ്രത്തിന്റെ കൈകളില്‍ എത്തുമ്പോള്‍, അതിന് എന്ത് സംഭവിക്കും? അത് കോഹിനൂര്‍ ആയി മാറുന്നു, അഭിഷേക് ശര്‍മ്മയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഈ വജ്രം തെറ്റായ കൈകളിലേക്ക് പോയിരുന്നെങ്കില്‍, അത് പൊട്ടി ചിതറിപ്പോകുമായിരുന്നു. ഇന്ത്യയിലെ നിരവധി കളിക്കാര്‍ അങ്ങനെ പൊട്ടി ചിതറിപ്പോയിട്ടുണ്ടെന്നും യോഗ്രാജ് പറഞ്ഞു.
പരിശീലന സമയത്ത് അഭിഷേക് ശര്‍മയേയും ശുഭ്മാന്‍ ഗില്ലിനേയും കോച്ചായ യുവരാജ് സിങ് കഠിനമായാണ് പരിശീലിപ്പിച്ചിരുന്നതെന്നും ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യോഗ്രാജ് വെളിപ്പെടുത്തിയത്. രണ്ട് യുവതാരങ്ങളും യുവരാജിനെ നന്നായി ഭയപ്പെടുന്നുണ്ടെന്ന് യുവിയുടെ അമ്മ ഷബ്‌നം സിങ് പറഞ്ഞു. 'യുവരാജ് അവരെ ഉപദേശിക്കുമ്പോള്‍ വളരെ കര്‍ശനക്കാരനായിരുന്നു. ഇന്നും അദ്ദേഹം അവരുടെ പ്രകടനങ്ങളെയും ഗെയിം പ്ലേയെയും കുറിച്ച് അവരോട് സംസാരിക്കുന്നുണ്ട്. അഭിഷേകിന്റേയും ഗില്ലിന്റേയും കളി കാണുമ്പോള്‍ തനിക്ക് വളരെ പരിഭ്രാന്തി തോന്നാറുണ്ടെന്നും യുവരാജ് വെളിപ്പെടുത്തിയിട്ടുണ്ട്,' ഷബ്‌നം സിങ് വെളിപ്പെടുത്തി.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് അഭിഷേക് ശര്‍മ അടുത്തിടെ തകര്‍ത്തിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ 55 പന്തില്‍ 141 റണ്‍സുമായി അവിസ്മരണീയ പ്രകടനമാണ് താരം നടത്തിയത്. 14 ഫോറുകളും പത്ത് സിക്‌സറുകളും സഹിതം ഐപിഎല്ലിലെ രണ്ടാമത്തെ ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടരാനും താരം ടീമിനെ സഹായിച്ചു. 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 16 ഇന്നിംഗ്‌സുകളില്‍ നിന്ന് 484 റണ്‍സ് നേടി അതിശയിപ്പിക്കുന്ന പ്രകടനം നടത്താനും ശ്രദ്ധാകേന്ദ്രമാകാനും അഭിഷേകിനായി. തൊട്ടുപിന്നാലെ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതിനോടകം 16 ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും അഭിഷേകിന്റെ പേരിലുണ്ട്.