ഹരാരെയിൽ തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിങ് നിര; രണ്ടാം ടി20യില്‍ 80 റൺസിന് ഓൾഔട്ട്; അട്ടിമറി ജയവുമായി സിംബാബ്‌വെ; പരമ്പര ഒപ്പത്തിനൊപ്പം
ഹരാരെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ അട്ടിമറി ജയം സ്വന്തമാക്കി സിംബാബ്‌വെ. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 17.4 ഓവറിൽ 80 റൺസിന് സിംബാബ്‌വെ തകർത്തു. ബ്രാഡ് ഇവാൻസ്, സിക്കന്ദർ റാസ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ശ്രീലങ്കൻ നിരയെ തരിപ്പണമാക്കി.
81 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 14.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ സിംബാബ്‌വെക്ക് ഒപ്പമെത്താൻ സാധിച്ചു. തുടക്കത്തിൽ പവർ പ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, റയാൻ ബേൺ (22*), തഷിങ്ക മ്യൂസ്‌കിവ (21*) എന്നിവരുടെ മികച്ച പ്രകടനം സിംബാബ്‌വെയ്ക്ക് വിജയമൊരുക്കി.
മറുപടി ബാറ്റിംഗിൽ തദിവനാഷെ മരുമാനി (17), ബ്രയാൻ ബെന്നറ്റ് (19) എന്നിവർ ഓപ്പണിംഗ് വിക്കറ്റിൽ 20 റൺസ് കൂട്ടിച്ചേർത്തു. ദുശ്മന്ത ചമീരയാണ് ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. നാലാം ഓവറിൽ മരുമാനിയെയും സീൻ വില്യംസിനെയും (0) പുറത്താക്കിയ ചമീര, ആറാം ഓവറിൽ സിക്കന്ദർ റാസയെയും (2) മടക്കി. ബെനറ്റ്, ടോണി മുന്ന്യോഗ (3) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും ബേൺ-മ്യൂസ്‌കിവ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ശ്രീലങ്കൻ നിരയിൽ കാമിൽ മിഷാര (20), ചരിത് അസലങ്ക (18), ദസുൻ ഷനക (15) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. പതും നിസ്സങ്ക (8), കുശാൽ (1), നുവാനിഡു ഫെർണാണ്ടോ (1), കാമിന്ദു മെൻഡിസ് (0) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഈ വിജയത്തോടെ ടി20 പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമെത്തി.