'സൂപ്പർ താരത്തിന്റെ അഹന്ത ടീമിനെ നശിപ്പിക്കുന്നു'; കരീം ബെൻസേമയുടെ അൽ ഇത്തിഹാദിനോട് പരാജയപ്പെട്ടത് 3-1ന്; കിങ്സ് കപ്പിൽ നിന്ന് അൽ നസ്ർ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധകർ

Update: 2025-10-29 07:52 GMT

റിയാദ്: സൗദി അറേബ്യൻ കിങ്സ് കപ്പിൽ നിന്ന് അൽ നസ്ർ പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ടീമിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിൽ ആരാധകർക്ക് അതൃപ്തി. ചൊവ്വാഴ്ച രാത്രി നടന്ന നിർണായക മത്സരത്തിൽ കരീം ബെൻസേമ നയിച്ച അൽ ഇത്തിഹാദിനോടാണ് അൽ നസ്ർ പരാജയപ്പെട്ടത്. 2024ൽ ഫൈനൽ വരെയെത്തിയ ടീം ഇത്തവണ പ്രീക്വാർട്ടറിൽ തന്നെ പുറത്തായി.

റിയാദിൽ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് അൽ ഇത്തിഹാദ് വിജയം കണ്ടത്. കരീം ബെൻസേമ (15-ാം മിനിറ്റ്), ഹുസം ഔറ (45-ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് അൽ ഇത്തിഹാദിന് വിജയം സമ്മാനിച്ചത്. അൽ നസ്റിനായി എയ്ഞ്ചലോ (30-ാം മിനിറ്റ്) ഒരു ഗോൾ മടക്കിയെങ്കിലും, ഇഞ്ചുറി ടൈമിൽ അൽ ഇത്തിഹാദ് നേടിയ ഗോൾ ടീമിന്റെ തിരിച്ചുവരവ് അസാധ്യമാക്കി.

കരീം ബെൻസേമയുടെ അൽ ഇത്തിഹാദിനെ നേരിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോ ഫെലിക്സ്, കിങ്സ്ലി കോമാൻ, സാദിയോ മാനെ തുടങ്ങിയ സൂപ്പർ താരങ്ങളെയെല്ലാം അൽ നസ്ർ കളത്തിലിറക്കിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ ക്രിസ്റ്റ്യാനോ പരാജയപ്പെട്ടതായി വിമർശനം ഉയർന്നിട്ടുണ്ട്. 90 മിനിറ്റും കളിച്ചുവെങ്കിലും ഒരു അസിസ്റ്റോ, ഗോളോ, മികച്ച ഷോട്ടുകളോ പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. 49-ാം മിനിറ്റിൽ അൽ ഇത്തിഹാദിന്റെ ഡിഫൻഡർ അഹമ്മദ് അൽ ജുലയ്ദാൻ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും, എതിരാളികൾക്ക് ലഭിച്ച പത്ത് പേരുമായുള്ള കളി മുതലെടുക്കാനോ ലീഡ് നേടാനോ അൽ നസ്റിന് സാധിച്ചില്ല.

രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ദുർബലമായ ഷോട്ടുകളിലൂടെ അവ പാഴാക്കിയത് ആരാധകരെ കൂടുതൽ പ്രകോപിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. 'നിങ്ങളുടെ അഹന്ത ടീമിനെ നശിപ്പിക്കുന്നു', 'വിരമിക്കൂ സഹോദരാ... നിങ്ങളുടെ മോശം കളി കാണാൻ വയ്യ' എന്നിങ്ങനെയുള്ള പോസ്റ്റുകളിലൂടെ ആരാധകർ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തി. 2023ൽ അൽ നസ്റിൽ ചേർന്നതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലബ്ബിനൊപ്പം ഒരു പ്രധാന കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് തിരിച്ചടിയാണ്. ടീമിനായി കളിച്ച 13 കിരീടങ്ങളിൽ ഒന്നിൽ പോലും താരത്തിന് മുത്തമിടാൻ സാധിച്ചിട്ടില്ല.

Tags:    

Similar News