തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്കൂൾ കായിക മേള നടത്തി സംഘാടകർ; മത്സരങ്ങൾക്കിടെ കുട്ടികൾ തെന്നി വീണ് പരിക്കുപറ്റി; രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കുതർക്കം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളം നിറഞ്ഞിട്ടും ജില്ലാ സ്കൂൾ കായിക മേള നടത്തി സംഘാടകർ. തിരുവനന്തപുരത്ത് എൽഎൻസിപിഇയിൽ ആണ് മത്സരങ്ങൾ നടന്നത്. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ മഴ തോരാത്തതിനാൽ മത്സരങ്ങൾ വൈകി. ഇതോടെ മഴയത്ത് മത്സരങ്ങൾ നടത്താൻ സംഘാടകർ നിർബന്ധിതരാവുകയായിരുന്നു. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.
വെള്ളം നിറഞ്ഞതോടെ സിന്തറ്റിക് ട്രാക്കിൽ ഓടിയെത്താൻ കായിക താരങ്ങൾ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം നിറഞ്ഞതും കുട്ടികൾക്ക് പ്രതിസന്ധിയായി. തുടർന്ന് പലരും സ്പൈക്ക് ഉപേക്ഷിച്ചാണ് ഓടിയത്. ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണ് പരിക്കുപറ്റുകയും ചെയ്തു.
മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ സംഘാടകർക്കായില്ല എന്ന വിമർശനം ഉയർന്ന് വന്നു. കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മഴ നനയാതെ നിൽക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.
അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ ഉച്ചകഴിഞ്ഞ് നടക്കേണ്ട മത്സര ഇനങ്ങൾ ശനിയാഴ്ച്ചത്തേക്ക് മാറ്റിയത് രക്ഷകർത്താക്കളിൽ പ്രകോപനമുണ്ടാക്കി. തുടർന്ന് രക്ഷിതാക്കൾ സംഘാടകരുമായി വാക്കുതർക്കവുമുണ്ടായി.