യു.എ.ഇയില്‍ ഫിഫാ യുണൈറ്റഡ് വനിതാ പരമ്പരയില്‍ പങ്കെടുക്കേണ്ടിയിരുന്ന അഫ്ഗാന്‍ വനിതാ അഭയാര്‍ത്ഥി ടീമിന് വിസ നിഷേധിച്ചു; വിസ നിഷേധിക്കപ്പെട്ട കാര്യം ടീം അംഗങ്ങള്‍ മനസ്സിലാക്കിയത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍
യു.എ.ഇയില്‍ ഫിഫാ യുണൈറ്റഡ് വനിതാ പരമ്പരയില്‍ പങ്കെടുക്കേണ്ടിയിരുന്ന അഫ്ഗാന്‍ വനിതാ അഭയാര്‍ത്ഥി ടീമിന് വിസ നിഷേധിച്ചു
ദുബായ്: യു.എ.ഇയില്‍ നടക്കുന്ന ഫിഫാ യുണൈറ്റഡ് വനിതാ പരമ്പരയില്‍ പങ്കെടുക്കേണ്ടിയിരുന്ന അഫ്ഗാന്‍ വനിതാ അഭയാര്‍ത്ഥി ടീമിന് വിസ നിഷേധിച്ചു. ആദ്യ മല്‍സരത്തിനുള്ള അവസരമാണ് യു.എ.ഇ വിസ നിഷേധിച്ചതോടെ അവര്‍ക്ക് നഷ്ടമായത്. ടീം അംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് വിസ നിഷേധിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്. വളരെ പ്രതീക്ഷയോടെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ടീം അംഗങ്ങള്‍ പലരും ഇക്കാര്യത്തില്‍ കടുത്ത നിരാശയിലാണ്.
ഇന്നലെ മുതല്‍ അടുത്ത ബുധനാഴ്ച വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്. യു.എ.ഇ, ഛാഡ്, ലിബിയ എന്നീ ടീമുകള്‍ക്ക് എതിരെയാണ് അഫ്ഗാനിസ്ഥാന്‍ മല്‍സരിക്കേണ്ടിയിരുന്നത്. അഫ്ഗാന്‍ വനിതാ യുണൈറ്റഡ് എന്ന ടീമിനെ പരിശീലന ക്യാമ്പുകളിലൂടെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇരുപത്തിമൂന്ന് പേരായിരുന്നു ടീമില്‍ ഉണ്ടായിരുന്നത്. ഈ മാസം 11 ന് ദുബായില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ പുറപ്പെടേണ്ടതായിരുന്നു.
ഓസ്‌ട്രേലിയ, യുകെ, പോര്‍ച്ചുഗല്‍, ഇറ്റലി എന്നിവിടങ്ങളില്‍ താമസിക്കുന്ന കളിക്കാരോട് വിസ ലഭിച്ചിട്ടില്ലെങ്കിലും അവരുടെ വിമാനത്താവളങ്ങളിലേക്ക് പോകാന്‍ ഫിഫ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫിഫ തന്നെ പിന്നീട് അവരോട് വിമാനങ്ങളില്‍ കയറാന്‍ കഴിയില്ലെന്ന് അറിയിച്ചു. 2021-ല്‍ യുഎസും മറ്റ് സൈനികരും പിന്‍വാങ്ങിയതിനുശേഷം പല രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി പോയ ഇവര്‍ക്ക് രാജ്യത്തിന് വേണ്ടി മല്‍സരിക്കാന്‍ ഇറങ്ങുന്നത് ഏറെ അഭിമാനകരമായ കാര്യമായിരുന്നു.
തുടര്‍ന്ന് മത്സരം മൊറോക്കോയിലേക്ക് മാറ്റുകയാണെന്ന് ഫിഫ തിങ്കളാഴ്ച പ്രഖ്യാപിച്ചു, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുന്ന ആദ്യ മത്സരം ഞായറാഴ്ചയിലേക്ക് മാറ്റി. നാല് ടീമുകളുടെ ലൈനപ്പ് പൂര്‍ത്തിയാക്കാന്‍ യുഎഇയുടെ സ്ഥാനം ടുണീഷ്യ ഏറ്റെടുക്കും. യാത്ര ചെയ്യുന്ന ടീമുകള്‍ക്കുള്ള വിസ അപേക്ഷകളുടെ ഉത്തരവാദിത്തം ആതിഥേയ ഫെഡറേഷനാണ്. മല്‍സരവേദി മാറ്റിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടീം അംഗങ്ങളെ മാനസികമായി വിഷമിപ്പിച്ചു എങ്കിലും മല്‍സരിക്കാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചത്.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കളിക്കാര്‍ക്ക് 30 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വന്നിരിക്കുകയാണ്. യുഎഇ ഫുട്ബോള്‍ അസോസിയേഷന്‍ ഈ സംഭവത്തോട് ഇനിയും പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി യുഎഇക്ക് നല്ല ബന്ധമാണ് ഉള്ളത്. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാനുള്ള അവകാശത്തിനായി അഫ്ഗാനിസ്ഥാന്‍ വനിതാ ദേശീയ ടീമിലെയും യൂത്ത് ടീമുകളിലെയും നാടുകടത്തപ്പെട്ട അംഗങ്ങള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് ഫിഫ അഭയാര്‍ത്ഥി ടീമിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
