ജനുവരി വിൻഡോയിലെ കൊമ്പന്മാരുടെ ആദ്യ സൈനിങ്‌ എത്തി; മിഡ്‌ഫീൽഡിന് കരുത്തായി ഇനി മോണ്ടിനെഗ്രോ താരവും; ദുഷാൻ ലഗാതോറുമായി കരാർ ഒപ്പിട്ട് ബ്ലാസ്റ്റേഴ്സ്; അലക്സാണ്ടർ കോയ്‌ഫ് ടീം വിടും ?

Update: 2025-01-16 07:24 GMT

കൊച്ചി: ജനുവരി വിൻഡോയിൽ വിദേശ താരത്തെയെത്തിച്ച് ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഡിഫൻസീവ് മിഡ്ഫീൽഡറായ മോണ്ടിനെഗ്രോ താരമായ ദുഷാൻ ലഗാതോറുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ടത്. ഹംഗേറിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഡെബ്രീസെനി വി.എസ്‌.സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. 2026 മെയ്‌ വരെയാണ്‌ കരാർ. യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരം മോണ്ടെനെഗ്രോ ദേശീയ ടീമിനായും കുപ്പായമണിഞ്ഞിട്ടുണ്ട്. 300 ക്ലബ് മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മോണ്ടിനെഗ്രോ താരം കൂടിയാണ് ദുഷാൻ ലഗാതോർ. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പ്രധാന കളിക്കാരനായ മിലോസ് ഡ്രിൻസിച്ചാണ് മറ്റൊരു മോണ്ടിനെഗ്രോ താരം. സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന താരമാണ് ലഗാതോർ.

ജൂൺ 30 വരെ ഹംഗേറിയൻ ക്ലബുമായി കരാറുണ്ടായിരുന്ന ലഗാതോറിനെ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തത്. ഇതോടെ മിഡ്‌ഫീൽഡർ അലക്സാണ്ടർ കോയ്‌ഫ് ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. താരത്തെ ടീം റിലീസ് ചെയ്യാൻ സാധ്യതകൾ ഉണ്ടെന്ന വാർത്തകൾ വരുന്നതിനിടെയാണ് പുതിയ വിദേശ താരം ടീമിലെത്തുന്നത്. ടീമിൽ നിന്നും ഒരു വിദേശ താരത്തെ ഒഴിവാക്കുകയാണെങ്കിൽ അത് കോയ്‌ഫ് തന്നെയാകുമെന്നാണ് വിലയിരുത്തൽ.

ഡിഫൻസ് മിഡ്‌ഫീൽഡറായി തിളങ്ങാൻ അലക്സാണ്ടർ കോയ്‌ഫിനായിട്ടില്ല. പ്രധിരോധ നിരയിലും താരത്തെ പരീക്ഷിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. സെന്റർ മിഡ്‌ഫീൽഡ് കളിക്കാൻ ബ്ലാസ്റ്റേഴ്സിന് നിരവധി താരങ്ങളുണ്ട്. അഡ്രിയാൻ ലൂണ മധ്യനിരയിൽ ഫ്രീറോളിൽ കളിക്കുമ്പോൾ മികച്ചൊരു വിദേശ ഡിഫൻസീവ് മിഡ്‌ഫീൽഡർ കളിക്കളത്തിലുണ്ടാകുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. ലഗാതോറിനെ ഡിഫൻസീവ് മിഡ്‌ഫീൽ ഇറക്കി മലയാളി താരം വിപിൻ മോഹനെ സെന്റർ മധ്യനിരയിൽ കളിപ്പിക്കുന്നതോടെ മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ടീമിനാകും. ഈ കാരണങ്ങൾ കൊണ്ട് തന്നെ കോയ്‌ഫിന് ടീമിൽ ഇടംനേടാൻ സാധ്യതകൾ മങ്ങുകയാണ്.

'ഡുഷാൻ വളരെ പരിചയസമ്പന്നനായ ഒരു കളിക്കാരനാണ്, മധ്യനിരയെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് വലിയ ഗുണകരമാകും. അദ്ദേഹത്തിന്റെ പ്രകടനം കാണാൻ ഞങ്ങൾ ആവേശഭരിതരാണ്, അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു' കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോർടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു.

'കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പോലുള്ള ഒരു ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്. ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും കേരളത്തിൽ സവിശേഷമായ ഫുട്ബോൾ സംസ്കാരം അനുഭവിക്കാനും ഞാൻ ആഗ്രഹിക്കുന്നു' ഡുസാൻ ലഗാതോർ പറഞ്ഞു.

Tags:    

Similar News