സന്തോഷ് ട്രോഫി; കേരളം ഇന്ന് കരുത്തരായ മേഘാലയെ നേരിടും; ജയിച്ചാല്‍ ഗ്രൂപ്പ് ബിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം; മത്സരം രാത്രിയില്‍ ഹൈദരാബാദില്‍
ഹൈദരാബാദ്: സന്തോഷ് ട്രോഫി രണ്ടാം മത്സരത്തില്‍ കേരളം ഇന്ന് കരുത്തരായ മേഘാലയെ നേരിടും. ഗോവന്‍ പരീക്ഷണം അതിജീവിച്ച കേരളം ആത്മവിശ്വാസത്തിലാണ്. മേഘാലയയോട് ജയിച്ചാല്‍ കേരളത്തിന് ഗ്രൂപ്പ് ബി ക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാകും. ഹൈദരാബാദിലെ ഡെക്കാന്‍ അരീന ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം. രാത്രി സമയങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പ് കേരളത്തിന് വെല്ലുവിളിയാകും.
നിലവിലെ റണ്ണറപ്പായ ഗോവയെ 4-3ന് മറികടന്നത് കേരളത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. 4-1ന് മുന്നിട്ടുനിന്നശേഷം കളിയവസാനം രണ്ടുഗോള്‍ വഴങ്ങിയത് ആശങ്കയുണര്‍ത്തുന്നതാണ്. മികച്ച ഒത്തിണക്കത്തോടെ കുറിയ പാസുകളിലൂടെയും വിങ്ങുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു ഗോവയ്ക്കെതിരെ കേരളം മുന്നേറിയത്. ടീമില്‍ മാറ്റങ്ങളുണ്ടാകില്ല. വിങ്ങില്‍ പരിചയസമ്പന്നനായ നിജോ ഗില്‍ബര്‍ട്ട് തെളിയേണ്ടതുണ്ട്. മധ്യനിരയില്‍ ക്രിസ്റ്റി ഡേവിസും നസീബ് റഹ്‌മാനും ഒത്തിണക്കത്തോടെ പന്ത് തട്ടിയതും മുന്നോട്ടുള്ള കളിയില്‍ ഊര്‍ജമാകും. പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ ജി സഞ്ജു മിന്നി. കാവല്‍ക്കാരനായി എസ് ഹജ്മല്‍ തുടരും.
ഗോവയ്ക്കെതിരെ മികച്ച കളിയാണ് ടീം പുറത്തെടുത്തതെന്ന് പരിശീലകന്‍ ബിബി തോമസ് പറഞ്ഞു. ഗ്രൗണ്ടുമായി പരിചയപ്പെട്ടുവരുന്നതിനാല്‍ ആദ്യമത്സരം എപ്പോഴും കടുപ്പമായിരിക്കും. മൂന്നുഗോള്‍ വഴങ്ങിയത് പരിശോധിക്കും. എതിര്‍ടീമിന്റെ മിടുക്കുകൊണ്ടല്ല, കേരള താരങ്ങളുടെ പിഴവ് മുതലെടുത്താണ് അവര്‍ ലക്ഷ്യം കണ്ടത്. ഇത് പരിഹരിക്കും. ടീമില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല- ബിബി പറഞ്ഞു.
തമിഴ്നാടുമായുള്ള ആദ്യമത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടാംപകുതി സമനില പിടിച്ചാണ് മേഘാലയ എത്തുന്നത്. മധ്യനിരയിലെ കരുത്തനും നായകനുമായ ഫുള്‍മൂണ്‍ മുഖിം പെനല്‍റ്റി പാഴാക്കിയിരുന്നു. പ്രതിരോധത്തിലെ പിഴവും തിരിച്ചടിയായി. മുന്നേറ്റതാരം ഡൊണാള്‍ഡ് ഡീന്‍ഡോയാണ് ശ്രദ്ധേയ താരം. ആദ്യകളിയില്‍ രണ്ട് ഗോള്‍ നേടിയ ധമാന്‍ബലാങ് ചിനേയും ഫോമിലാണ്. അച്ചടക്കമുള്ള വേഗമേറിയ കളിശൈലി കേരളത്തെ വെള്ളം കുടിപ്പിക്കും.