കാല്‍പ്പന്താവേശത്തിന് തുടക്കം; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം റെയില്‍വേ മത്സരം ഇന്ന്

Update: 2024-11-20 08:55 GMT

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം ഇന്ന് ഇറങ്ങും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളി. 22 അംഗ ടീമില്‍ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള ക്യാപ്റ്റന്‍. ഗോള്‍ കീപ്പര്‍ അജ്മല്‍ എസ് ആണ് ഉപനായകന്‍.

കേരളമടക്കമുള്ള ഗ്രൂപ്പ് എച്ച് മത്സരങ്ങള്‍ക്കാണ് കോഴിക്കോട് വേദിയാവുക. പുതുച്ചേരി, റെയില്‍വേസ്, ലക്ഷദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം മത്സരിക്കുന്നത്. വൈകിട്ട് 3.30ക്കാണ് കേരളം റെയില്‍വേ മത്സരം. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്ന ടീമിന് ഫൈനല്‍ റൗണ്ടിലേക്ക് എത്താം.

ഗ്രൂപ്പ് ജേതാക്കളും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഗോവ, സര്‍വീസസ് എന്നീ ടീമുകളും ആതിഥേയരായ തെലങ്കാനയുമാണ് നോക്കൗട്ടിലെത്തുക. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഹൈദരാബാദിലാണ് നടക്കുക.2022-ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഇതുവരെ 15 തവണ കേരളം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണയാണ് കിരീടം ചൂടിയത്.

സന്തോഷ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയികളായ ടീം പശ്ചിമ ബംഗാളാണ്. 32 തവണ കിരീടം നേടിയപ്പോള്‍ 14 തവണ ബംഗാള്‍ റണേഴ്സപ്പായി. പഞ്ചാബാണ് എട്ട് കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ വിജയിച്ച രണ്ടാമത്തെ ടീം. ഏഴ് സന്തോഷ് ട്രോഫി കിരീടങ്ങളുമായി കേരളവും സര്‍വീസസും മൂന്നാമതായാണ് നില്‍ക്കുന്നത്.

Tags:    

Similar News