യുഗാന്ത്യം: ഫ്രഞ്ച് ഇതിഹാസം അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്ബോളില്‍നിന്ന് വിരമിച്ചു; കണ്ണീരോടെ ആരാധകര്‍

Update: 2024-09-30 12:08 GMT

പാരീസ്: ഫ്രാന്‍സ് ഫുട്‌ബോള്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്ബോളില്‍നിന്ന് വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ താരം സാമൂഹികമാധ്യങ്ങളില്‍ പങ്കുവെച്ചു. 2018ല്‍ ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ ഗ്രീസ്മാന്‍ അംഗമായിരുന്നു. ക്രൊയേഷ്യയ്‌ക്കെതിരായ ഫൈനല്‍ വിജയത്തിന് ഗ്രീസ്മാന്‍ ഗോളും സംഭാവന ചെയ്തിരുന്നു.

ഫ്രാന്‍സ് ഫുട്‌ബോളിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ഗ്രീസ്മാന്‍. ഫ്രാന്‍സിനായി അരങ്ങേറ്റം കുറിച്ച ഗ്രീസ്മാന്‍ നീണ്ട പത്ത് വര്‍ഷക്കാലം ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയാറാണ് ദേശീയ ടീമിനായി നടത്തിയത്.

രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഗ്രീസ്മാന്‍ 33-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 44 ഗോളുകള്‍ ഫ്രഞ്ച് ടീമിനായി ഗ്രീസ്മാന്‍ വലയിലാക്കി. 38 തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കാനും ഗ്രീസ്മാന് സാധിച്ചു.

2022ല്‍ ഗ്രീസ്മാന്‍ ഉള്‍പ്പെട്ട ഫ്രാന്‍സ് ടീം ലോകകപ്പിന്റെ ഫൈനല്‍ കളിച്ചു. 2012ല്‍ യുവേഫ നേഷന്‍സ് ലീഗ് നേടിയ ഫ്രാന്‍സ് ടീമിലും ഗ്രീസ്മാന്‍ അംഗമാണ്. 2022ലെ ലോകകപ്പില്‍ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് ടീമിന് വേണ്ടി ഗ്രീസ്മാന് ഗോള്‍ നേടാനായില്ല. എങ്കിലും മൂന്ന് അസിസ്റ്റുകള്‍ ഗ്രീസ്മാന്റെ സംഭാവനയായിരുന്നു. ആ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഗ്രീസമാന്‍ കാഴ്ചവെച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിക്കൊണ്ടാണ് ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ പങ്കാളിയായത്.

2016 യൂറോകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ആ ടൂര്‍ണമെന്റില്‍ ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടാണ് ഫ്രഞ്ച് സൂപ്പര്‍താരം കളം നിറഞ്ഞ് നിന്നത്. ഗ്രീസ്മാന്റെ ചുമലിലായിരുന്നു ഫ്രഞ്ച് പട 2016 യൂറോപ്യന്‍ കപ്പിന്റെ ഫൈനല്‍ വരെ എത്തി. എന്നാല്‍ ഫൈനലില്‍ പോര്‍ച്ചുഗലിനോട് പരാജയം ഏറ്റുവാങ്ങി. ആ വര്‍ഷം ഫ്രാന്‍സ് ഫുട്‌ബോളര്‍ ഓഫ് ദ ഇയറും ഗ്രീസ്മാന്‍ സ്വന്തമാക്കി.

യുവേഫ നേഷന്‍സ് ലീഗിലാണ് താരം ഫ്രാന്‍സിനായി അവസാനമായി ബൂട്ട് കെട്ടിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇറ്റലിയോട് 3-1ന് പരാജയപ്പെട്ട ഫ്രാന്‍സ് ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് തിരിച്ചുവരികയായിരുന്നു. അന്താരഷ്ട്ര മത്സരത്തില്‍ നിന്നും വിരമിച്ചെങ്കിലും ഗ്രീസ്മാന്‍ ക്ലബ്ബ് തലത്തില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കും. നിലവില്‍ ലാ ലീഗില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് വീതം വിജയവും തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒക്‌ടോബര്‍ മൂന്നിന് പേര്‍ച്ചുഗീസ് ക്ലബ്ബ് ബെനിഫിക്കക്കെതിരെയാണ് സ്പാനിഷ് വമ്പന്‍മാരുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ലിസ്ബാവോ ഇ ബെനിഫിക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Tags:    

Similar News