തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവ്; മൂന്നാം ഗെയിമില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ താരം ഗുകേഷ്; പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം

Update: 2024-11-27 15:33 GMT

സിംഗപ്പുര്‍: തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഡി ഗുകേഷിന്റെ മടങ്ങിവരവ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനിനെ തളച്ച് ഇന്ത്യന്‍ താരം. ആദ്യ റൗണ്ടില്‍ തോല്‍വിയും, രണ്ടാം റൗണ്ടില്‍ സമനിലയും പിടിച്ച താരം മൂന്നാം മത്സരത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ടെ ഫൈനലിലെ ഗുകേഷിന്റെ ആദ്യ ജയമാണിത്.

വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു. ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണോത്സുകശൈലിയാണ് ഗുകേഷ് സ്വീകരിച്ചത്. ഇതോടെ നീക്കങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ലിറന് ഏറെ സമയം എടുക്കേണ്ടിയും വന്നു.

14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ക്കാണ് കിരീടം. ആദ്യ കളിയില്‍ ഗുകേഷിനെ 43 നീക്കങ്ങളില്‍ തോല്‍പിച്ച് ചൈനയുടെ ഡിങ് ലിറന്‍ ലീഡ് (10) നേടിയിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ലോക ചാംപ്യനായ ഡിങ് ലിറന്‍ ജയിക്കുന്നത് 304 ദിവസം നീണ്ട സുദീര്‍ഘമായ ഇടവേളയ്ക്കു ശേഷമായിരുന്നു. രണ്ടാം കളിയില്‍ ഗുകേഷും ഡിങ് ലിറനും സമനിലയില്‍ പിരിഞ്ഞു. 23 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്.

Tags:    

Similar News