46 നീക്കങ്ങള്‍; കടുത്ത പോരാട്ടം; ഒടുവില്‍ ലോക ചെസ് ചാപ്യംന്‍ഷിപ്പിലെ ആറാം പോരിലും സമനില പാലിച്ച് ഗുകേഷും ഡിങ് ലിറനും
സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷുമാണ് ലോക ചാംപ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നത്. ഇതോടെ ഇരു താരങ്ങള്‍ക്കും 3 വീതം പോയിന്റുകള്‍. 7.5 പോയിന്റാണ് ലോക കിരീടത്തിനു വേണ്ടത്. ഇരുവര്‍ക്കും ശേഷിക്കുന്ന എട്ട് റൗണ്ടില്‍ നിന്നു 4.5 പോയിന്റുകളാണ് വേണ്ടത്.
ആറാം പോരാട്ടത്തില്‍ ഗുകേഷ് കറുത്ത കരുക്കളുമായാണ് കളിച്ചത്. 46 നീക്കങ്ങള്‍ക്കൊടുവിലാണ് പോരാട്ടം ഒപ്പത്തിനൊപ്പം പിരിഞ്ഞത്. ലണ്ടന്‍ ഓപ്പണിങ് സമ്പ്രദായം അവലംബിച്ച് ആദ്യകരു നീക്കിയ ഡിങ് ആദ്യ 19 നീക്കങ്ങള്‍ക്ക് ഉപയോഗിച്ചത് വെറും ഏഴു മിനിറ്റ് മാത്രം. ചിന്തയിലാണ്ട ഗുകേഷ് ഇത്രയും നീക്കങ്ങള്‍ക്ക് 53 മിനിറ്റ് ഉപയോഗിച്ചു. തനിക്ക് പരിചിതമല്ലാത്ത പൊസിഷനില്‍ ഗുകേഷ് നടത്തിയ ഇരുപതാം നീക്കം മികച്ചതായിരുന്നില്ല.
ഇതോടെ, ഡിങ്ങിന് നേരിയ മേല്‍ക്കൈ ലഭിച്ചെങ്കിലും ഈ നീക്കത്തോടെ ഡിങ് ലിറന്‍ തന്നെ മുന്നൊരുക്കങ്ങളില്‍നിന്ന് പുറത്തുവന്നു. അടുത്ത നീക്കത്തിനായി 42 മിനിറ്റ് ആലോചിച്ച ശേഷമാണ് ഡിങ് പ്രതിയോഗിയുടെ പോണിനെ വെട്ടിയെടുത്തത്. ഒരു പോണ്‍ പുറകിലായ ഗുകേഷ് പ്രതിരോധത്തിലായി. ജയത്തിനായി ശ്രമിക്കാതെ ഒരിക്കല്‍ക്കൂടി ഡിങ് സമനിലയ്ക്കായി നീക്കങ്ങള്‍ ആവര്‍ത്തിച്ചു. പക്ഷേ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഗുകേഷ് ഡ്രോ നിരസിച്ചു. ഒരര്‍ഥത്തിലും അത് യുക്തിസഹമായ തീരുമാനമായിരുന്നില്ല.
മികച്ച നീക്കങ്ങള്‍ നടത്തി ഡിങ് കളിയില്‍ മുന്നേറി. എന്നാല്‍ തന്റെ ആത്മവിശ്വാസത്തില്‍ പതറാതെ ഗുകേഷ് തന്റെ ക്വീനിനെ സജീവമാക്കിക്കൊണ്ട് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിച്ചു. 34-ാം നീക്കത്തില്‍ ക്വീനുകള്‍ പരസ്പരം വെട്ടിനീക്കാന്‍ ഡിങ് അനുവദിച്ചതോടെ ഗുകേഷ് കളിയിലേക്ക് തിരിച്ചുവന്നു. തന്റെ പോണ്‍ഘടനയെ സ്വയം ദുര്‍ബലപ്പെടുത്തി അതിനുപകരം കരുക്കളെ സജീവമാക്കിക്കൊണ്ട് ഗുകേഷ് അദ്ഭുതകരമാംവിധം സമനില നടി.
ഒന്നാം പോരാട്ടം ജയിച്ച് ഡിങ് ലിറന്‍ തുടങ്ങിയെങ്കിലും ഗുകേഷ് മൂന്നാം മത്സരത്തില്‍ ജയം പിടിച്ച് ഒപ്പമെത്തി. അതിനിടെ രണ്ടാം പോരാട്ടം ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നാലെയാണ് നാലും അഞ്ചും ആറും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്.