ചതുരംഗക്കളത്തിലെ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ തുടക്കം; ഇന്ത്യയുടെ ഡി. ഗുകേഷ് ചൈനയുടെ ഡിങ് ലിറനിനെ നേരിടും: 138 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് ഏഷ്യന്‍ താരങ്ങള്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് മത്സരിക്കുന്നത് ആദ്യം
സിംഗപ്പൂര്‍: ചതുരംഗക്കളത്തിലെ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ തുടക്കം. ചൈനയുടെ ഡിങ് ലിറനും ചാലഞ്ചറായ ഇന്ത്യയുടെ ഡി. ഗുകേഷും തമ്മിലാണ് പോരാട്ടം. വെള്ളക്കരു ലഭിക്കുക ഗുകേഷിനാണ്. ഫൈനല്‍ മത്സരം നാളെ മുതല്‍ ഡിസംബര്‍ 13 വരെയാണ് നടക്കുക. സിംഗപ്പൂരിലെ റിസോര്‍ട്‌സ് വേള്‍ഡ് സെന്റോസയിലാണ് മത്സരം. ലോക ചാമ്പ്യന്‍ഷിപ്പിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യന്‍ താരങ്ങള്‍ കിരീടത്തിനായി മത്സരിക്കുന്നത്. വിശ്വനാഥന്‍ ആനന്ദിനുശേഷം മറ്റൊരു ലോകചാമ്പ്യനെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ആദ്യ ഗെയിം നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന്. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ 14 ഗെയിമുകളാണ് ചാംപ്യന്‍ഷിപ്പിലുണ്ടാവുക. ഓരോ മൂന്നു മത്സരങ്ങള്‍ക്കു ശേഷവും ഒരു വിശ്രമദിനം. വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് അര പോയിന്റും. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ജേതാവാകും. 14 ഗെയിമുകള്‍ക്കു ശേഷവും പോയിന്റില്‍ തുല്യനില തുടര്‍ന്നാല്‍ ടൈബ്രേക്ക് മത്സരങ്ങള്‍ നടക്കും. ഇരു കളിക്കാര്‍ക്കും ആദ്യ 40 നീക്കങ്ങള്‍ക്ക് 120 മിനിറ്റ്. തുടര്‍ന്നുള്ള നീക്കങ്ങള്‍ക്ക് 30 മിനിറ്റ്.
മത്സരത്തിന് മൊത്തം സമ്മാനത്തുക 25 ലക്ഷം ഡോളറാണ്. ജയിക്കുന്ന ഓരേ ഗെയ്മിനും രണ്ട് ലക്ഷം ഡോളര്‍ വീതം ലഭിക്കും. ബാക്കി തുക രണ്ട് താരങ്ങള്‍ക്കും തുല്യമായി വീതിച്ചെടുക്കാം. 2023 ല്‍ റഷ്യയുടെ ഇയാന്‍ നെപ്പോമ്‌നിഷിയെ തോല്‍പ്പിച്ചാണ് ഡിങ് ലിറന്‍ ലോക ചാമ്പ്യനാകുന്നത്. നിലവിലെ ചാമ്പ്യനായിരുന്ന മാഗ്നസ് കാള്‍സന്‍ ലോക കിരീടത്തില്‍ നിന്നും പിന്‍മാറിയിരുന്നു. 2024 ലെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ് ജയിച്ചാണ് ഗുകേഷ് ഫൈനലിന് യോഗ്യത നേടിയത്.
ക്ലാസിക്കല്‍ ഗെയ്മില്‍ ഇരുവരും ഏറ്റ് മുട്ടിയത് മൂന്ന് തവണയാണ്. ലിറനായിരുന്നു രണ്ട് ജയം. ഒരെണ്ണം സമനിലയും. 32 കാരനായ ലിറന്‍ ലോക റാങ്കിങ്ങില്‍ 23-ാം സ്ഥാനത്താണ്. 18 കാരനായ ഗുകേഷ് ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തും.