ഒരു ടീമില്‍ ആറ് പേര്‍; അഞ്ച് ഓവര്‍ മത്സരം; വൈഡിന് രണ്ട് റണ്‍സ്; കൗതുക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീം ഇന്ത്യ, ടീമിനെ പ്രഖ്യാപിച്ചു

Update: 2024-10-15 06:28 GMT

ഹോങ്കോങ് ക്രിക്കറ്റ് സംഘടിപ്പിക്കുന്ന ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ടീം ഇന്ത്യ പങ്കെടുക്കും. നിരവധി ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐസിസിയുടെ അംഗീകാരത്തോടെയാണ് ഈ ടൂര്‍ണമെന്റ്‌റ് നടക്കുന്നത്. 1992 ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റ് 2011 ലാണ് അവസാനമായി നടന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ടൂര്ണമെന്റ്‌റ് തിരികെയെത്തുന്നത്.

ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പ നയിക്കുന്ന ഏഴംഗ ടീമിനെയാണ് ഇന്ത്യ ടൂര്‍ണമെന്റിനായി അയക്കുന്നത്. കേദാര്‍ ജാദവ്, മനോജ് തിവാരി, ഷബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവര്‍ട്ട് ബിന്നി, ഭരത് ചിപ്പിലി എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് താരങ്ങള്‍.

12 ടീമുകളെ നാല് ഗ്രൂപ്പുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. പാകിസ്ഥാനും യുഎഇക്കുമൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, നവംബര്‍ രണ്ടിന് യുഎഇയെയും ഇന്ത്യ നേരിടും. അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് പാകിസ്താനും ഇംഗ്ലണ്ടുമാണ്. അഞ്ച് തവണയാണ് ഇരുവരും ചാമ്പ്യന്മാരായത്. മറ്റു അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ ഏറെ വ്യത്യസ്തമാണ് ഹോങ്കോങ് സിക്സസിന്റെ ഫോര്‍മാറ്റ്. ഒരു ടീമില്‍ ആകെ ആറു കളിക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ വീതമാണ് ഇന്നിംഗ്‌സ്. ഇതില്‍ വിക്കറ്റ് കീപ്പര്‍ ഒഴികെയുള്ളവര്‍ ബൗളിംഗ് ചെയ്യണമെന്നതും ഇതിന്റെ നിയമമാണ്. ആദ്യ റൗണ്ടില്‍ മാത്രമാണ് അഞ്ച് ഓവറുകള്‍ ഉള്ള ഇന്നിങ്സുകളുള്ളത്. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ 8 ഓവറുകള്‍ വീതമാണ് ഉള്ളത്.

വൈഡുകള്‍ക്കും നോബോളുകള്‍ക്കും രണ്ട് റണ്‍സ് വീതം അധിക റണ്ണുകള്‍ നല്‍കും എന്നതാണ് ഈ ടൂര്‍ണമെന്റിന്റെ മറ്റൊരു നിയമം. അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ അവസാന ബാറ്റ്‌സ്മാന്‍ ആറാം വിക്കറ്റ് വീഴും വരെ ബാറ്റ് ചെയ്യണം. ഇത്തരം സാഹചര്യങ്ങളില്‍ അഞ്ചാമത്തെ ബാറ്റ്‌സ്മാന്‍ റണ്ണറാകും എന്നത് മറ്റൊരു നിയമം. 31 റണ്‍സ് എത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍ സ്വയം നോട്ടൗട്ട് ആയി റിട്ടയര്‍ ചെയ്യണം. റിട്ടയര്‍ ചെയ്ത ബാറ്റ്‌സ്മാന് അടുത്ത ബാറ്റ്‌സ്മാന്‍ ഔട്ടാകുകയോ, റിട്ടയര്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ വീണ്ടും ബാറ്റിങ് തുടരാന്‍ അവസരമുണ്ട് എന്നതും ഈ ടൂര്‍ണമെന്റിന്റെ മറ്റൊരു പ്രത്യേകതയാണ്.

Tags:    

Similar News