കന്നിക്കപ്പിനായി ഇന്ത്യ: ഇന്ത്യയുടെ മത്സരം ന്യൂസിലന്‍ഡുമായി; വനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് തുടക്കം

Update: 2024-10-03 05:26 GMT

അബുദാബി: വനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് യുഎയില്‍ തുടക്കം. ബംഗ്‌ളാദേശില്‍ ആയിരുന്നു ആദ്യം വേദി നിശ്ചയിച്ചിരുന്നെങ്കിലും ആഭ്യന്തര കലാപത്തെ തുടര്‍ന്ന് മത്സരം യുഎയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആതിഥേയത്വത്തിനുള്ള അവകാശം ഇപ്പോഴും ബംഗ്‌ളാദേശിനാണ്. ഉദ്ഘാടന മത്സരത്തില്‍ ബംഗ്‌ളാദേശ് സ്‌കോട്‌ലന്‍ഡിനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടും.

ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പുരുഷ ടീം നേടിയ ലോകകപ്പ് അതെ മാറ്റോടുകൂടി മറ്റു രാജ്യങ്ങളെ എല്ലാം പരാജയപ്പെടുത്തി, ഇന്ത്യന്‍ മണ്ണിലേക്കു കൊണ്ടുവരണം എന്ന ഏക പ്രതീക്ഷയിലാണ് ഹര്‍മന്‍ പ്രീത് കൗറിന്റെ സൂപ്പര്‍ ടീം. ലീഗ് മത്സരങ്ങള്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതാണെന്നും. സമ്മര്‍ദ്ദമില്ലാതെ കളിക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ മീറ്റ് ദ പ്രസില്‍ പറഞ്ഞു. പുരുഷ ടീം കപ്പുയര്‍ത്തിയത് ഊര്‍ജം നല്‍കുന്നുണ്ടെന്നും ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഉദ്ഘാടന മത്സരം. രാത്രി 7.30ന് പാക്കിസ്ഥാന്‍ ശ്രീലങ്ക. നാളെ രാത്രി 7.30നാണ് ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം. ഒക്ടോബര്‍ 20നാണ് ഫൈനല്‍. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഹോട്സ്റ്റാറിലും തല്‍സമയം.

സ്‌കോട്‌ലന്‍ഡ് ഉള്‍പ്പെടെ 10 ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പില്‍ 5 ടീമുകള്‍ വീതമുള്ള 2 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ മത്സരങ്ങള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് മികച്ച 4 ടീമുകള്‍ സെമിയിലേക്കെത്തും.

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയ്ക്കും ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയ്ക്കും പുറമേ പാക്കിസ്ഥാന്‍, ന്യൂസീലന്‍ഡ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇയിലെ ദുബായ്, ഷാര്‍ജ സ്റ്റേഡിയങ്ങളാണ് ലോകകപ്പിന്റെ വേദി.

ബംഗ്ലദേശ് വേദിയൊരുക്കേണ്ട ട്വന്റി20 ലോകകപ്പാണ്, രാഷ്ട്രീയ അനിശ്ചിതത്വം കാരണം അവസാന നിമിഷം യുഎഇയിലേക്കു മാറ്റിയത്. ആതിഥേയ ടീമായി ബംഗ്ലദേശ് നേരത്തേ യോഗ്യത നേടിയതിനാല്‍ യുഎഇ ടീമിനു ലോകകപ്പില്‍ മത്സരിക്കാനാകില്ല.

ഇതുവരെ നടന്ന 8 ലോകകപ്പുകളില്‍ ആറിലും ജേതാക്കളായ ഓസ്‌ട്രേലിയയാണ് ടീമുകളില്‍ സൂപ്പര്‍. 2009ലെ ആദ്യ വനിതാ ട്വന്റി20 ലോകകപ്പില്‍ ജേതാക്കളായ ഇംഗ്ലണ്ടും 2016ല്‍ ജേതാക്കളായ വെസ്റ്റിന്‍ഡീസുമാണ് മറ്റു ചാംപ്യന്‍ ടീമുകള്‍. നിലവിലെ വനിതാ ട്വന്റി20 ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.

തുടര്‍ച്ചയായ നാലാം ട്വന്റി20 ലോകകപ്പിലും ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ 3 ലോകകപ്പുകളിലും സെമിഫൈനല്‍ കളിച്ച ഇന്ത്യയ്ക്കു കിരീട പ്രതീക്ഷ നല്‍കുന്നത് ടീമിലെ സൂപ്പര്‍ താരനിരയാണ്. ക്യാപ്റ്റന്‍ ഹര്‍മനും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയും നയിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനു പരിചയ സമ്പത്താണ് കരുത്ത്.

യുഎഇയിലെ പിച്ചില്‍ സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, ആശ ശോഭന, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ തുറുപ്പുചീട്ടാകും. 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ 6 ഓള്‍റൗണ്ടര്‍മാരുമുണ്ട്. മലയാളികളായ സജന സജീവും, ആശ ശോഭനയും ടീം ഇന്ത്യക്ക് കരുത്ത് പകരും. ഗ്രൂപ്പ് റൗണ്ടില്‍ ദുബായിലും ഷാര്‍ജയിലും ഇന്ത്യയ്ക്കു 2 മത്സരങ്ങള്‍ വീതമാണുള്ളത്.

Tags:    

Similar News