എല്ലാ പന്തും ഒരുപോലെ; സൂപ്പര്‍ താരവുമായി ഉടക്കി മോര്‍ക്കല്‍: അതൃപ്തി അറിയിച്ചു

Update: 2024-10-04 09:21 GMT

മുംബൈ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആറാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സര പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമാണ്. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. മൂന്ന് യുവതാരങ്ങളേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പരിശീലനം ഇതിനോടകം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകനായ മോണി മോര്‍ക്കലിനൊപ്പം ബൗളര്‍മാരുടെ നെറ്റ്സ് സെക്ഷന്‍ നടന്നിരുന്നു. ഇതിനിടെ ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുമായി മോണി മോര്‍ക്കല്‍ ഉടക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പരിശീലകന്റെ നിര്‍ദേശത്തിനനുസരിച്ച് പന്തെറിയാന്‍ തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഹാര്‍ദിക് പാണ്ഡ്യയോട് വ്യത്യസ്ത ലൈനില്‍ പന്തെറിയാനാണ് പരിശീലകന്‍ മോര്‍ക്കല്‍ ആവശ്യപ്പെട്ടത്. ഹാര്‍ദിക്കിന്റെ റിലീസ് പോയിന്റില്‍ ചില പ്രശ്നങ്ങളും പരിശീലകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ എല്ലാ പന്തുകളും സ്റ്റംപിലേക്ക് മാത്രമായാണ് ഹാര്‍ദിക് എറിഞ്ഞത്. ഇത് മോര്‍ക്കല്‍ ചോദ്യം ചെയ്തപ്പോള്‍ ചെറിയ അഭിപ്രായ ഭിന്നതയുണ്ടായെന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഹാര്‍ദിക് പന്ത് റിലീസ് ചെയ്യുന്നതില്‍ ചെറിയ അപാകതയുണ്ടെന്ന് പരിശീലകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തിരുത്താന്‍ ഹാര്‍ദിക് തയ്യാറായില്ല. ഒരേ ശൈലി തുടര്‍ന്നതോടെ ഹാര്‍ദിക്കിന്റെ നിലപാടില്‍ മോര്‍ക്കല്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ഹാര്‍ദിക്കിന്റെ നെറ്റ്സിലെ ബൗളിങ് അവസാനിപ്പിക്കാന്‍ മോര്‍ക്കല്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയുടെ ടി20 ലോകകപ്പിലെ പ്രകടനം ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു.

Tags:    

Similar News