'അന്താരാഷ്ട്ര കായികമേളകൾ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്'; 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തീവ്ര ശ്രമങ്ങൾ ഇന്ത്യ നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി ഒളിമ്പിക്സ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നും 72-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
അണ്ടർ 17 ലോകകപ്പ്, ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര കായികമേളകൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 20-ഓളം അന്താരാഷ്ട്ര കായിക പരിപാടികൾക്ക് രാജ്യം വേദിയായെന്നും അദ്ദേഹം പറഞ്ഞു
'2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണ്ണ ശക്തിയോടെ തയ്യാറെടുക്കുന്നു', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ അഹമ്മദാബാദിനെ ഒളിമ്പിക് നഗരമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യ ബിഡ് അപേക്ഷ സമർപ്പിച്ചത്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിലെ ദോഹ, തുർക്കിയിലെ ഇസ്താംബുൾ എന്നിവയ്‌ക്ക് പുറമെ ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.