23 വര്‍ഷത്തിന് ശേഷം മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ടീം; സ്വന്തം മണ്ണിലെ ഒരു പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 100 ലധികം ഒന്നാം ഇന്നിംഗ്‌സ് ലീഡ്; 2001ന് ശേഷം ആദ്യം
പൂനെ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2001ന് ശേഷം ഇതാദ്യമായി സ്വന്തം മണ്ണിലെ ഒരു പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 100ലധികം ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി. 2001ല്‍ മുംബൈയില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ആദ്യം ബാറ്റ് ചെയ്ത് 176 റണ്‍സില്‍ ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 349 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. 173 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയന്‍ സംഘം ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 219 റണ്‍സില്‍ ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തുകയും ചെയ്തു.
2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കൊല്‍ക്കത്ത വേദിയായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 445 എന്ന സ്‌കോര്‍ ഉയര്‍ത്തി. ഇതിന് ഇന്ത്യയുടെ മറുപടി 171 റണ്‍സ് മാത്രമായിരുന്നു. 274 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ പക്ഷേ ശക്തമായി തിരിച്ചുവന്നു. ഫോളോ ഓണ്‍ വഴങ്ങിയിട്ടും രണ്ടാം ഇന്നിംഗ്‌സില്‍ ഏഴിന് 657 എന്ന സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പിന്നാലെ 212 റണ്‍സില്‍ ഓസ്‌ട്രേലിയയെ പുറത്താക്കി ഇന്ത്യ 171 റണ്‍സിന്റെ ചരിത്ര വിജയവും നേടി. ടെസ്റ്റ് ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മത്സരങ്ങളിലൊന്നായി കൊല്‍ക്കത്ത ടെസ്റ്റ് മാറുകയും ചെയ്തു.
23 വര്‍ഷത്തിന് ശേഷം ഇന്ത്യ തുടര്‍ച്ചായി രണ്ട് മത്സരങ്ങളില്‍ 100 റണ്‍സില്‍ അധികം ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സ് മാത്രമായിരുന്നു നേടാനായത്. ഇതിന് മറുപടിയായി കിവീസ് 402 റണ്‍സെടുത്തു. 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടന്ന ഇന്ത്യ 462 റണ്‍സെന്ന സ്‌കോറിലെത്തി. എന്നാല്‍ 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ സംഘം 100ലധികം റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ്. പൂനെ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259ന് മറുപടി പറഞ്ഞ ഇന്ത്യന്‍ സ്‌കോര്‍ 156 റണ്‍സില്‍ അവസാനിച്ചു. 103 റണ്‍സിന്റെ ലീഡ് നേടിയ ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 255 റണ്‍സുമെടുത്ത് പുറത്തായി. അന്ന് കൊല്‍ക്കത്തയിലേത് പോലെ ചരിത്രം തിരുത്തുവാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.