ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ പുറത്ത്; ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടി; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം
ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത നേടാനാകാതെ പുറത്തായതിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 136-ാം സ്ഥാനത്തേക്ക് താഴ്ന്ന ഇന്ത്യ, കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങിലാണ് എത്തിയിരിക്കുന്നത്. 2016 നവംബറിന് ശേഷം ഇത്രയും മോശം റാങ്കിൽ ടീം എത്തുന്നത് ഇതാദ്യമായാണ്.
ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം ഗ്രൗണ്ടിൽ സിംഗപ്പൂരിനോട് 2-1ന് തോറ്റതാണ് റാങ്കിങ്ങിൽ താഴെയാകാൻ കാരണമായത്. ആദ്യ പാദത്തിൽ സിംഗപ്പൂരിനെ സമനിലയിൽ പിടിച്ചതിനു പിന്നാലെയാണ് രണ്ടാം പാദത്തിൽ ഗോവയിൽ നടന്ന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ 2027 ഏഷ്യൻ കപ്പ് യോഗ്യത നേടാനുള്ള ടീമിന്റെ സ്വപ്നങ്ങളും അസ്തമിച്ചു.
2016 ഒക്ടോബറിൽ 137-ാം റാങ്കിലായിരുന്നെങ്കിലും പിന്നീട് മെച്ചപ്പെട്ട പ്രകടനത്തിലൂടെ ടീം 135-ാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. 2017 ജൂലായിൽ നൂറിനുള്ളിൽ സ്ഥാനം നേടാനും ടീം ഇന്ത്യക്ക് സാധിച്ചു. 96-ാം റാങ്ക് വരെ ഉയർന്നെങ്കിലും, 2023 ഡിസംബറിനു ശേഷം സ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ല. പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ ടീം ഇന്ത്യ പുത്തനുണർവുമായി തിരികെയെത്താൻ ശ്രമിക്കുന്നതിനിടെയാണ് റാങ്കിങ്ങിലെ വീഴ്ച.
നിലവിൽ 135-ാം സ്ഥാനത്ത് കുവൈത്തും, 137-ാം സ്ഥാനത്ത് ബോട്സ്വാനയുമാണുള്ളത്. ലോക റാങ്കിങ്ങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, അർജന്റീന രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, നെതർലാൻഡ്സ്, ബ്രസീൽ, ബെൽജിയം, ഇറ്റലി, ജർമനി എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റു ടീമുകൾ.