മഴ കളിച്ച ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്; ബംഗ്‌ളാദേശ് മൂന്ന് വിക്കറ്റ് നഷ്ടം, ആകാശിന് രണ്ട് വിക്കറ്റ്

Update: 2024-09-27 10:34 GMT

കാണ്‍പൂര്‍: മഴ തടസ്സപ്പെടുത്തി ഇന്ത്യ-ബംഗ്‌ളാദേശ് ടെസ്റ്റ്. രണ്ടാം ടെസ്റ്റിലെ ഒന്നാം ദിനം മത്സരം അവസാനിപ്പിച്ചപ്പോള്‍ ബംഗ്‌ളാദേശ് മൂന്നിന് 107 എന്ന നിലയിലാണ്. ആദ്യം ബാറ്റിങ് തകര്‍ച്ച നേരിട്ട ടീം പിന്നീട് കര കയറുകയായിരുന്നു.

മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്കിറിനെ റണ്‍സെടുക്കുന്നതിന് മുമ്പ് ആകാശ്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. 24 പന്തുകള്‍ സാക്കിര്‍ നേരിട്ടിരുന്നു. പിന്നാലെ സഹഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം മടങ്ങി. ആകാശിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ഷദ്മാന്‍. പിന്നീട് മൊമിനുല്‍ - നജ്മുള്‍ വിട്ടുപിരിയാത്ത സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷാന്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആര്‍ അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൊമിനുല്‍ ഹഖ് ഇതുവരെ ഏഴ് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

നേരത്തെ, ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ബംഗ്ലാദേശ് രണ്ട് മാറ്റം വരുത്തി. ടസ്‌കിന്‍ അഹമ്മദ്, നഹീദ് റാണ എന്നിവര്‍ പുറത്തായി. തയ്ജുല്‍ ഇസ്ലാം, ഖലേദ് അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ വൈകിയാണ് ടോസ് വീണത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്: ഷാദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ്, ഖാലിദ് അഹമ്മദ്.

Tags:    

Similar News