ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി അഴിച്ചുപണി; രാഹുലിനും, ജഡേജയ്ക്കും സിറ്റ് തെറിക്കും? രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് യുവതാരത്തെ ഉള്‍പ്പെടുത്തി ബിസിസിഐ

Update: 2024-10-21 06:38 GMT

മുംബൈ: ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി അഴിച്ചുപണി. അവസാന രണ്ട് ടെസ്റ്റുകള്‍ ഇന്ത്യക്ക് വളരെ നിര്‍ണായകമാണ്. ഇന്ത്യന്‍ സ്വകാഡിലേക്ക് ഒരു താരത്തെ കൂടി ചേര്‍ത്തിരിക്കുകയാണ്. യുവ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് ടീം ഇന്ത്യ സ്‌ക്വാഡിലേക്ക് വിളിച്ചത്. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സുന്ദറെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ബിസിസിഐ പുറത്തു വിട്ടു. പകരം ആരെയും സ്വാകിഡില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സുന്ദര്‍ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടില്‍ തമിഴ്‌നാടിന് വേണ്ടി കിടിലന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് സുന്ദറിന് ടെസ്റ്റ് ടീമിലേക്ക് വിളി വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഡല്‍ഹിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ മൂന്നാം നമ്പരില്‍ തമിഴ്‌നാടിനായി ബാറ്റ് ചെയ്ത സുന്ദര്‍ 152 റണ്‍സായിരുന്നു നേടിയത്. സുന്ദര്‍ കൂടി എത്തിയതോടെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ സ്പിന്നര്‍മാരുടെ എണ്ണം അഞ്ചായി. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് മറ്റ് സ്പിന്നര്‍മാര്‍.

സമീപനാളുകളില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡില്‍ പലതവണ ഇടം പിടിച്ചിട്ടുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ സുന്ദറിന് അവസരം ലഭിച്ചിരുന്നില്ല. താരം അവസാനമായി ടെസ്റ്റില്‍ കളിച്ചത് 2021 ലാണ്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സുന്ദറുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ നാല് മത്സരങ്ങളാണ് വാഷിങ്ടണ്‍ സുന്ദര്‍ കളിച്ചത്. ഇതെല്ലാം 2020-21 സീസണിലായിരുന്നു. ജഡേജക്ക് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു സുന്ദര്‍ ടീമിലേക്ക് വന്നത്.

ഈ നാല് ടെസ്റ്റ് മത്സരങ്ങളില്‍ 265 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 66.25 ബാറ്റിങ് ശരാശരിയില്‍ ബാറ്റ് വീശിയ അദ്ദേഹത്തിന് മൂന്ന് അര്‍ധസെഞ്ചുറികളും ടെസ്റ്റിലുണ്ട്. ഒപ്പം ആറ് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഗാബയില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ സുപ്രധാന പങ്കും അദ്ദേഹം വഹിച്ചു. രണ്ടിന്നിങ്‌സുകളിലുമായി 62, 22 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത താരം ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും നേടിയിരുന്നു.

അതേസമയം, പൂനെ ടെസ്റ്റില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമാവും. ഒന്നാം ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തും. ആദ്യ ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിച്ചേക്കും.

അതോടൊപ്പം, സര്‍ഫറാസ് ഖാനെ ആദ്യ ഇലവനില്‍ നിലനിര്‍ത്തും. ബെംഗളൂരുവില്‍ 150 റണ്‍സ് നേടി ടീമില്‍ അവകാശവാദം ഉന്നയിച്ചുരുന്നു താരം. അതുകൊണ്ടുതന്നെ സര്‍ഫറാസിന് മുകളില്‍ രാഹുലിനെ കൊണ്ടുവരില്ല. ജഡേജയ്ക്ക് പകരം അക്ഷറിനെ കൊണ്ടുവരാനും സാധ്യയുണ്ട്. നിലവില്‍ മോശം ഫോമിലാണ് ജഡേജയും. പൂനെയില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ആകാശ് ദീപ് ടീമിലെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവ് പുറത്തായേക്കും.

Tags:    

Similar News