ക്ലബ് വിടാനൊരുങ്ങി മോഹൻ ബഗാൻ പരിശീലകൻ ജോസ് മോളിന; നീക്കം സൂപ്പർ കപ്പിൽ നിന്നും ടീം പുറത്തായതോടെ; സ്ഥാനമൊഴിയുന്നത് മറൈനേഴ്സിന് ഷീൽഡും ഐഎസ്എൽ കിരീടവും നേടിക്കൊടുത്ത പരിശീലകൻ
കൊൽക്കത്ത: ക്ലബ് വിടാനൊരുങ്ങി മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഹെഡ് കോച്ച് ജോസ് മോളിന. ഫെബ്രുവരി 23-ന് നടന്ന സൂപ്പർ കപ്പ് മത്സരത്തിൽ ഈസ്റ്റ് ബംഗാളുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയാണ് കോച്ചിൻ്റെ ഈ നീക്കം. 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് മുന്നോടിയായിട്ടാണ് മോളിനയെ പരിശീലകനായി നിയമിച്ചത്.
മോളിനയുടെ കീഴിൽ, മോഹൻ ബഗാൻ ഇരട്ട കിരീടം നേടിയിരുന്നു. ലീഗ് ഷീൽഡും ഐഎസ്എൽ സ്വന്തമാക്കിയതോടെ ഐഎസ്എൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമായി ബഗാൻ മാറിയിരുന്നു. മുംബൈ സിറ്റി എഫ്‌സിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ടീം. എന്നാൽ, സൂപ്പർ കപ്പ് മത്സരത്തിനു ശേഷം ക്ലബ് മാനേജ്‌മെൻ്റിനെതിരെ മോളിന രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
സമ്മർ ട്രാൻസ്ഫർ ഇടപാടുകളിൽ മാനേജ്‌മെൻ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു. "വിദേശ മിഡ്ഫീൽഡർമാരുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ പന്ത് കൈവശം വെക്കാൻ സാധിക്കുന്നില്ല. ഇത് കാരണം നമ്മൾ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നു. ഒരു വിദേശ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ഞാൻ ശ്രമിച്ചിരുന്നു, പക്ഷെ അത് സാധ്യമായില്ല," അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ സീസണിൽ മോഹൻ ബഗാന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ഡ്യൂറൻ്റ് കപ്പിലും സൂപ്പർ കപ്പിലും ഈസ്റ്റ് ബംഗാളിനോട് തോറ്റ് ടീം പുറത്തായിരുന്നു. കൂടാതെ,എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇറാനിലെ സെപഹാനെതിരെ കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടീമിനെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കുകയും ചെയ്തിരുന്നു. ഇത് ആരാധകരുടെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
"സമ്മർദ്ദം എൻ്റെ സുഹൃത്താണ്. ചെറുപ്പത്തിൽ കളിക്കാൻ തുടങ്ങിയ കാലം മുതലേ ഞാൻ സമ്മർദ്ദത്തിൽ ജീവിച്ചിട്ടുണ്ട്. അത് എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്," മോളിന പറഞ്ഞിരുന്നു. "പ്രശ്നം എന്തെന്നാൽ, വീട്ടിലിരിക്കുമ്പോൾ എനിക്ക് സമ്മർദ്ദമില്ല," ഇത് അദ്ദേഹത്തിൻ്റെ ക്ലബ് വിടാനുള്ള സൂചനയായിരുന്നതായതും വിലയിരുത്തപ്പെട്ടിരിന്നു.
നേരത്തെ, അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ പരിശീലകനായിരിക്കെ 2016-ൽ മോളിന ISL കിരീടം നേടിയിരുന്നു. 2018 മുതൽ 2022 വരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
