ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്; സൂപ്പർ കപ്പ് സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ മുംബൈ സിറ്റി എഫ്.സി

Update: 2025-11-06 09:06 GMT

മഡ്ഗാവ്: സൂപ്പർ കപ്പ് സെമിഫൈനലിൽ ലക്ഷ്യമിട്ടിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക പോരാട്ടം. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ മുൻ ഐ.എസ്.എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ യുണൈറ്റഡിനെയും സ്പോർട്ടിംഗ് ഡൽഹിയെയും പരാജയപ്പെടുത്തി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലിൽ എത്താൻ സമനില മാത്രം മതിയാകും.

നിലവിൽ ഗ്രൂപ്പിൽ കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, രാജസ്ഥാൻ യുണൈറ്റഡ് എന്നിവർക്ക് മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുന്ന പക്ഷം ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കും. സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താൻ ആദ്യം നേർക്കുനേർ ഫലവും തുടർന്ന് ഗോൾ വ്യത്യാസവും നേടിയ ഗോളുകളും പരിഗണിക്കും.

ഇന്ന് രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരം. വൈകിട്ട് 4.30ന് നടക്കുന്ന രാജസ്ഥാൻ-സ്പോർട്ടിംഗ് ഡൽഹി മത്സരഫലം ഗ്രൂപ്പിലെ സാധ്യതകളെ സ്വാധീനിക്കും. രാജസ്ഥാൻ ജയിച്ചാൽ അവർക്കും ആറ് പോയിന്റ് ലഭിക്കും. ബ്ലാസ്റ്റേഴ്സും മുംബൈയും രാജസ്ഥാനും തുല്യ പോയിന്റിൽ എത്തുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. നിലവിൽ മുംബൈ ബ്ലാസ്റ്റേഴ്സിനെ നേർക്കുനേർ കളിയിൽ പരാജയപ്പെടുത്തിയിട്ടുള്ളത് അവർക്ക് മുൻതൂക്കം നൽകുന്നു. അതേസമയം, മുംബൈ സിറ്റി അവസാന മത്സരത്തിൽ രാജസ്ഥാനോട് പരാജയപ്പെട്ടിരുന്നു. നാല് ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

Tags:    

Similar News