മത്സര നടത്തിപ്പിലെ ഉയർന്ന സാമ്പത്തിക ചെലവ്; കലൂർ വിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഹോം ഗ്രൗണ്ട് മാറ്റുന്ന കാര്യം പരിഗണയിൽ; കോഴിക്കോടും പയ്യനാടും പുതിയ വേദികൾ?
കോഴിക്കോട്: തുടങ്ങാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ മത്സര നടത്തിപ്പിനുള്ള ഉയർന്ന സാമ്പത്തിക ചെലവാണ് ഈ നീക്കത്തിന് പിന്നിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയവും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവുമാണ് ബ്ലാസ്റ്റേഴ്സിന്റെ പരിഗണനയിലുള്ള പുതിയ വേദികൾ. ഫെബ്രുവരി 14-ന് പുതിയ ഐഎസ്എൽ സീസൺ തുടങ്ങാനിരിക്കെയാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ക്ലബ്ബ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കുന്നത്.
കൊച്ചിയിൽ ഒരു മത്സരം നടത്തുന്നതിന് ഏകദേശം 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് ക്ലബ്ബിന് ചെലവ് വരുന്നത്. സ്റ്റേഡിയം വാടക, കോർപ്പറേഷൻ നികുതി, സുരക്ഷാ ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ടിക്കറ്റ് വിൽപ്പനയിലൂടെ ഈ ചെലവിന്റെ പകുതി പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് ക്ലബ്ബ് അധികൃതർ പറയുന്നു. സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോം ഗ്രൗണ്ട് മാറ്റാനുള്ള നീക്കം. നേരത്തെയും ഹോം ഗ്രൗണ്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ, ഐഎസ്എൽ സീസൺ അനിശ്ചിതത്വത്തിലായതോടെ ഈ ചർച്ചകൾ നിലച്ചുപോയിരുന്നു. കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് പുതിയ സീസൺ തുടങ്ങാൻ ശ്രമിക്കുകയും, ഫെബ്രുവരി 14-ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഹോം ഗ്രൗണ്ട് മാറ്റാനുള്ള നീക്കവുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നോട്ട് പോകുന്നത്. പുതിയ വേദികളായി പരിഗണിക്കുന്ന കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ ക്ലബ്ബ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഹോം ഗ്രൗണ്ട് മാറ്റുന്നതിൽ ബ്ലാസ്റ്റേഴ്സ് താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഫുട്ബോൾ അസോസിയേഷൻ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന്റെ നിലവിലെ അവസ്ഥ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. അടുത്തിടെ നടന്ന സൂപ്പർ ക്രോസ് റേസിങ് ലീഗിനായി സ്റ്റേഡിയം വിട്ടുനൽകിയതിനെത്തുടർന്ന് മൈതാനം ഭാഗികമായി തകർന്നിരുന്നു. റേസിങ് ലീഗിനായി പലകയിട്ട് അതിനുമുകളിൽ ടൺകണക്കിന് മണ്ണ് നിറച്ചതും ടിപ്പർ ലോറികൾ ഉപയോഗിച്ചതും മൈതാനത്തിന്റെ ഘടനയെ മാറ്റിമറിച്ചു. തന്മൂലം പുല്ല് ഉണങ്ങി നശിക്കുകയും മൈതാനം അമർന്നുപോവുകയും ചെയ്തിട്ടുണ്ട്. ഇത് പൂർവ്വസ്ഥിതിയിലാക്കാൻ കാര്യമായ സമയവും പ്രയത്നവും ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
