ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ കൊമ്പന്മാർ ഇന്ന് രണ്ടാം മത്സരത്തിന്; ബാംബോലിമിലെ പോരാട്ടം സ്പോർട്ടിംഗ് ക്ലബ്ബ് ഡൽഹിക്കും നിർണായകം

Update: 2025-11-03 10:05 GMT

പനാജി: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയ്ക്ക് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഡി-യിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ സ്പോർട്ടിംഗ് ക്ലബ്ബ് ഡൽഹിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംബോലിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകുന്നേരം 4:30-നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ 1-0 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് യാത്ര ആരംഭിച്ചത്. ഈ വിജയം ടീമിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് 4-1 ന് തോറ്റ സ്പോർട്ടിംഗ് ക്ലബ്ബ് ഡൽഹി, ഇന്ന് ശക്തമായ പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നുറപ്പാണ്. "രാജസ്ഥാനെതിരായ വിജയം നിർണ്ണായകമാണ്, എന്നാൽ ഇത് തുടക്കം മാത്രമാണ്. ഈ ഊർജ്ജം വരും മത്സരങ്ങളിലും നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും. സ്പോർട്ടിംഗ് ക്ലബ്ബ് ഡൽഹി മികച്ച യുവതാരങ്ങളുള്ള ടീമാണ്. ആദ്യ മത്സരത്തിലെ തോൽവി അവരെ കൂടുതൽ കരുത്തോടെ കളിക്കാൻ പ്രേരിപ്പിക്കും. അതിനാൽ അതീവ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ട്," ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി.

അടുത്തിടെ ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് പേരുമാറി ഡൽഹിയിലേക്ക് കൂടുമാറിയ സ്പോർട്ടിംഗ് ക്ലബ്ബ് ഡൽഹി, പരിശീലകൻ തോമസ് ടോർസിന് കീഴിൽ ഒത്തിണക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുംബൈ സിറ്റിക്കെതിരായ തോൽവിയിൽ ചില പരിമിതികൾ പ്രകടമായിരുന്നെങ്കിലും, ആന്ദ്രേ ആൽബയുടെ പെനാൽറ്റി ഗോൾ അവരുടെ ആക്രമണ ശേഷി തെളിയിക്കുന്നു.

രാജസ്ഥാൻ യുണൈറ്റഡിനെതിരെ കോൾഡോ ഒബിയെറ്റയും പുതിയ സ്ട്രൈക്കർമാരും നടത്തിയ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് വിജയമൊരുക്കി. അരങ്ങേറ്റ മത്സരത്തിൽത്തന്നെ പുതിയ സ്ട്രൈക്കർ ഗോൾ നേടിയത് ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഉന്നത ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ്, സ്പോർട്ടിംഗ് ക്ലബ്ബ് ഡൽഹിയെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിടുന്നു. 

Tags:    

Similar News