കരുത്തരായ മേഘാലയയെ തകർത്തെറിഞ്ഞത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ
ദിസ്പുർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിൽ കരുത്തരായ മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം. വിജയത്തോടെ കേരളം ക്വാർട്ടറിലേക്ക് മുന്നേറി. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വല ചലിപ്പിച്ചത്.
37-ാം മിനിറ്റിൽ മുഹമ്മദ് സിനാനിലൂടെയാണ് കേരളം ഗോൾവേട്ട തുടങ്ങിയത്. അർജുൻ വി എടുത്ത ഫ്രീ കിക്കിൽ നിന്ന് കൃത്യമായി ഓടിയെത്തിയ സിനാൻ തകർപ്പൻ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നീട് രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയിൽ. 70-ാം മിനിറ്റിൽ മുഹമ്മദ് റിയാസിലൂടെ കേരളം ലീഡ് ഉയർത്തി. ക്യാപ്റ്റൻ സഞ്ജു ജി നൽകിയ ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചായിരുന്നു റിയാസിന്റെ ഗോൾ. 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു.
മികച്ച ആക്രമണശൈലി പുറത്തെടുത്ത മേഘാലയയ്ക്ക് ഗോളെന്നുറച്ച പല അവസരങ്ങളും ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മേഘാലയയുടെ മേബൻഷെൻഗെയ്ൻ ലഭിച്ച തുറന്ന അവസരം പാഴാക്കിയത് കേരളത്തിന് വലിയ ആശ്വാസമായി.
കേരളത്തിന്റെ ഗോൾകീപ്പർ ഹജ്മലിന്റെ മിന്നും പ്രകടനമാണ് മേഘാലയയെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞത്. റോബർട്ട്‌സൺ ഖോംഗ്രിയ തൊടുത്ത രണ്ട് കരുത്തുറ്റ ഷോട്ടുകൾ ഹജ്മൽ തകർപ്പൻ സേവുകളിലൂടെ തടഞ്ഞു. പരിക്കേറ്റ ഷിജിന് പകരം 30-ാം മിനിറ്റിൽ കളത്തിലിറങ്ങിയ അജ്‌സലും വിഘ്നേഷും കേരളത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഷഫീഖ് ഹസൻ പരിശീലിപ്പിക്കുന്ന കേരളം ജനുവരി 31-ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെ നേരിടും.