സന്തോഷ് ട്രോഫിയിലെ സർവീസസിനെതിരായ കേരളത്തിന്റെ മത്സരം മാറ്റി വെച്ചു; കാരണം ഗതാഗതക്കുരുക്ക്; മത്സരം ഞായറാഴ്ച നടക്കും

Update: 2026-01-31 06:58 GMT

ദിസ്പുർ: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടക്കാനിരുന്ന കേരളം-സർവീസസ് മത്സരം മാറ്റിവെച്ചു. ദിബ്രുഗഢ്-ധെമാജി പാതയിലുണ്ടായ കനത്ത ഗതാഗതക്കുരുക്കിനെ തുടർന്നാണ് മത്സരം ഞായറാഴ്ചയിലേക്ക് പുനഃക്രമീകരിച്ചത്. രാവിലെ ഒൻപത് മണിക്ക് നടക്കേണ്ടിയിരുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് കേരളാ താരങ്ങളെ സംഘാടകർ വിവരം അറിയിച്ചത്.

ദിബ്രുഗഢ്-ധെമാജി പാതയിലുള്ള ഒരു ഗ്രാമത്തിൽ രണ്ട് ദിവസമായി നടക്കുന്ന യുവജനോത്സവം കാരണം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്നും, ഇത് മറികടന്ന് ഇരു ടീമുകൾക്കും കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമാണ് മത്സരം മാറ്റിവെച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ഞായറാഴ്ച മത്സരത്തിന്റെ പുതിയ സമയവും വേദിയും പിന്നീട് അറിയിക്കും.

മുൻപ് മേഘാലയയെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു. നാല് കളികളിൽ നിന്ന് 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ. 

Tags:    

Similar News