ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്ക് സര്‍പ്രൈസ് എന്‍ട്രിയായി യുവ പേസര്‍: വരുന്നത് ഇന്ത്യന്‍ 'അക്തറോ'?
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടി20 പരമ്പര വരികയാണ്. മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാവും കളത്തിലിറക്കുക. ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാവും ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരക്കിറങ്ങുക. സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവും. ഒപ്പം ആരൊക്കെയെന്നതാണ് കണ്ടറിയേണ്ടത്.
ഇപ്പോഴിതാ ബംഗ്ലാദേശിനെ ഞെട്ടിക്കാന്‍ ഇന്ത്യ അണിയറില്‍ മികച്ചൊരു നീക്കം നടത്തുകയാണ്. അത് മറ്റൊന്നുമല്ല അവസാന ഐപിഎല്‍ സീസണിലൂടെ കൈയടി നേടിയ സൂപ്പര്‍ പേസര്‍ മായങ്ക് യാദവിനെ കളിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിലൂടെ വരവറിയിച്ച മായങ്ക് യാദവിനെ പരിക്ക് ബാധിച്ചിരുന്നു. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ കീഴില്‍ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പേസര്‍.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ക്കൊപ്പമാണ് മായങ്ക് യാദവിന്റെ പരിശീലനം. ഇന്ത്യന്‍ ടീം സിലക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മായങ്ക് ബാംഗ്‌ളൂരില്‍ പരിശീലനം നടത്തുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് മായങ്ക് യാദവ് മികച്ച ഫിറ്റ്നസിലാണുള്ളത്. തുടര്‍ച്ചയായി 150നോടടുത്ത് വേഗത്തില്‍ പന്തെറിയുന്ന താരത്തെ ബംഗ്ലാദേശ് ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കാമെന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
'മായങ്ക് യാദവിന് നിലവില്‍ യാതൊരു ഫിറ്റ്നസ് പ്രശ്നവുമില്ല. എന്‍സിഎയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അവന്‍ നടത്തുന്നത്. മികച്ച ഫിറ്റ്നസും നല്ല വേഗവും മായങ്കിനുണ്ട്. അവനെ ദേശീയ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ക്കും താല്‍പര്യമുണ്ടാവും. ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കെ ബംഗ്ലാദേശ് ടി20 പരമ്പരയിലൂടെ മായങ്കിനെ അവതരിപ്പിക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിക്കുന്നത്' ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മികച്ച പേസും ബൗണ്‍സുമുള്ള ഓസീസ് പിച്ചില്‍ അതിവേഗ പേസറായി മായങ്ക് യാദവ് ഉണ്ടെങ്കില്‍ ഇന്ത്യക്കത് ഗുണം ചെയ്തേക്കും. സെലക്ടര്‍മാര്‍ ഇത്തരമൊരു നീക്കം നടത്താനുള്ള സാധ്യത കൂടുതലാണ്. മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായേക്കും. ഷമി കളിക്കില്ലെങ്കില്‍ പകരം ഇന്ത്യ യുവ പേസറായി മായങ്ക് യാദവിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മായങ്ക് യാദവ് സൂപ്പര്‍ പേസറാണെങ്കിലും ഫിറ്റ്നസ് ശ്രദ്ധിക്കേണ്ടതായുണ്ട്. അവസാന ഐപിഎല്ലിലൂടെ വരവറിയിച്ച താരത്തിന് സീസണ്‍ പൂര്‍ത്തിയാക്കാന്‍ പോലുമായില്ല. അതിന് മുമ്പ് തന്നെ പരിക്ക് വേട്ടയാടി പുറത്താകേണ്ടി വന്നു. ബംഗ്‌ളാദേശിനെതിരെ തിളങ്ങാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ താരത്തിന് അവസരം ലഭിച്ചേക്കും. 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് മായങ്ക് സെലകട്ര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഏഴ് വിക്കറ്റുകളാണ് താരം ആ സീസണില്‍ നേടിയത്.
2022 ഐപിഎല്ലില്‍ താരമായിരുന്നെങ്കിലും പരുക്ക് കാരണം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമാണ് മായങ്ക്. ഈ വര്‍ഷം ഏപ്രിലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായാണു മായങ്ക് ഒടുവില്‍ കളിക്കാന്‍ ഇറങ്ങിയത്.