എഐഎഫ്എഫ് സൂപ്പർ കപ്പിൽ മോഹൻ ബഗാന് ജയം; ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്; ജാമി മാക്ലാരന് ഇരട്ട ഗോൾ
പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പ് 2025-26 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ടീം ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. പിജെഎൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജാമി മാക്ലാരനാണ് മോഹൻ ബഗാനുവേണ്ടി രണ്ടു ഗോളുകളും നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ കനത്ത മഴ കാരണം കളി നിയന്ത്രിക്കാൻ ഇരു ടീമുകൾക്കും ബുദ്ധിമുട്ടി. എന്നാൽ മോഹൻ ബഗാൻ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 38-ാം മിനിറ്റിൽ മാക്ലാരൻ ആദ്യ ഗോൾ നേടി. ചെന്നൈയിൻ പ്രതിരോധനിരയെ മറികടന്ന് വന്ന പാസ്സിൽ നിന്ന് മാക്ലാരൻ പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് സമനില നേടാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും ബഗാൻ പ്രതിരോധം കടക്കാൻ അവർക്കായില്ല,.
67-ാം മിനിറ്റിൽ മാക്ലാരൻ തന്റെ രണ്ടാം ഗോൾ നേടി മോഹൻ ബഗാന്റെ വിജയമുറപ്പിച്ചു. ഇടതുവിംഗിൽ നിന്ന് മൻവീർ നൽകിയ ക്രോസ് സ്വീകരിച്ച മാക്ലാരൻ പന്ത് അനായാസമായി വലയിലെത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ മോഹൻ ബഗാൻ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. അവരുടെ അടുത്ത മത്സരം ഒക്ടോബർ 28 ന് പിജെഎൻ സ്റ്റേഡിയത്തിൽ ഡെംപോയ്‌ക്കെതിരെയാണ്. അതേസമയം, ചെന്നൈയിൻ എഫ്‌സി ബാംബോലിമിൽ ഈസ്റ്റ് ബംഗാളിനെ നേരിടും.