കളത്തിലിറങ്ങിയത് ആറ് വിദേശ താരങ്ങളുമായി; സെൽഫ് ഗോളിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; സൂപ്പർ കപ്പിൽ നിന്നും പുറത്ത്; മുംബൈ സെമിയിൽ
മഡ്ഗാവ്: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ പുറത്താവൽ. ഗ്രൂപ്പിൽ ഇരുടീമുകൾക്കും ആറു പോയിന്റുകളുണ്ടായിരുന്നെങ്കിലും, നേർക്കുനേർ മത്സരത്തിലെ ഫലം മുംബൈക്ക് തുണയായി.
സെമിഫൈനലിലെത്താൻ സമനില മാത്രം മതിയെന്നിരിക്കെയാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയേറ്റത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ, ബോക്സിനുള്ളിൽ മുംബൈ താരത്തിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ഫ്രെഡ്ഡിയുടെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. മത്സരത്തിന്റെ 48-ാം മിനിറ്റിൽ സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ കേരള ബ്ലാസ്റ്റേഴ്സ് പത്തുപേരുമായാണ് ശേഷിച്ച സമയം കളിച്ചത്.
മത്സരത്തിൽ ടൂർണമെന്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ആദ്യ ഇലവനിൽ നിഹാൽ സുധീഷിന് പകരം ടിയാഗോ ആൽവെസ് ഇടം നേടി. കളിയുടെ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, അവസാന നിമിഷമുണ്ടായ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സ് ടീമിന് തോൽവി സമ്മാനിച്ചത്. സൂപ്പർ കപ്പ് ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ കടക്കാനുള്ള അവസരമാണ് ഇതോടെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ആദ്യ രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ യുണൈറ്റഡിനെയും സ്പോർട്ടിങ് ഡൽഹിയെയും ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. സെമിഫൈനലിൽ മുംബൈ ഗോവയെയും ഈസ്റ്റ് ബംഗാൾ പഞ്ചാബ് എഫ്.സിയെയും നേരിടും.