സഞ്ജു ഇല്ലാതെ രഞ്ജി ട്രോഫി: കേരളത്തിന്റെ നായകനായി സൂപ്പര്‍ താരം; ആദ്യ മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ നേരിടും

Update: 2024-10-05 09:43 GMT

തിരുവനന്തപുരം: സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇല്ലാതെ രഞ്ജി ട്രോഫി 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരള ക്രിക്കറ്റ് ടീം. ഒക്ടോബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന മത്സരത്തിന് തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടാണ് വേദിയാകുന്നത്. എലൈറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.

കഴിഞ്ഞ സീസണില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് കീഴിലായിരുന്നു കേരള ടീം രഞ്ജി ട്രോഫിയില്‍ കളിച്ചത്. എന്നാല്‍, ഇത്തവണ ആദ്യ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സച്ചിന്‍ ബേബിയ്ക്ക് കീഴിലാണ് ടീം കളത്തിലിറങ്ങുക. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ടാണ് രഞ്ജി ട്രോഫിയ്ക്കുള്ള കേരള ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരുന്നത്.

ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മയും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ സ്ഥാനം സ്ഥിരമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാകും സഞ്ജു കളിക്കാനിറങ്ങുക.

അതേസമയം, സഞ്ജു സാംസണ്‍ ഇല്ലെങ്കിലും താരതമ്യേന ശക്തമായ ടീമിനെയാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ കേരള ടീം അണിനിരത്തുന്നത്. സച്ചിന്‍ ബേബി നായകനായ ടീമില്‍ വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മേല്‍, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി തുടങ്ങിയ പ്രമുഖരും ഇടം പിടിച്ചിട്ടുണ്ട്. ഗസ്റ്റ് താരങ്ങളായി ഓള്‍റൗണ്ടര്‍ ജലജ് സക്സേന, വിദര്‍ഭ താരം ആദിത്യ സര്‍വതെ, തമിഴ്നാട് ബാറ്റര്‍ ബാബ അപരാജിത് എന്നിവരാണ് കേരള ടീമില്‍.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തിനുള്ള കേരള സ്‌ക്വാഡ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദ്ധീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, ആദിത്യ ആനന്ദ് സര്‍വതേ, ബേസില്‍ തമ്പി, നിതീഷ് എംഡി, ആസിഫ് കെഎം, എഫ് ഫാനൂസ്.

Tags:    

Similar News