സഞ്ജു നാട്ടില്‍ തിരിച്ചെത്തി; ഉജ്ജ്വല സ്വീകരണം നല്‍കി ആരാധകര്‍; സെഞ്ചുറിയടിച്ച സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സി നിറത്തിലുള്ള പൊന്നാട അണിയിച്ച് ശശി തരൂര്‍
കൊച്ചി: ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍. ഇന്നലെ കേരളത്തിലെത്തിയ സഞ്ജു സാംസണിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. സഞ്ജുവിന്റെ മൂന്നാം ടി20യിലെ സെഞ്ച്വറി പ്രകടനം ആരാധകരെ എത്രത്തോളം തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന തരത്തില്‍ വലിയ സ്വീകരണമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷം സഞ്ജു സാംസണിനെ ശശി തരൂര്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
നീല പൊന്നാട സഞ്ജുവിനെ അണിയിച്ച് താരത്തെ അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ ശശി തരൂര്‍ തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സിയുടെ നിറത്തിലുള്ള പൊന്നാട തന്നെ സഞ്ജുവിന് വേണ്ടി കണ്ടെത്തിയതായി ശശി തരൂര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
Delighted to give a hero’s welcome to “ton-up Sanju” as @IamSanjuSamson returned to Thiruvananthapuram after his stunning century versus Bangladesh. Found a “ponnada” in the appropriate India colours to honour him with!
— Shashi Tharoor (@ShashiTharoor) October 14, 2024
#SanjuSamson pic.twitter.com/g87SxHDOb2
സഞ്ജുവിന്റെ വലിയ ആരാധകനാണ് ശശി തരൂര്‍. പ്രതിസന്ധി സാഹചര്യങ്ങളിലടക്കം സഞ്ജുവിനെ വളരെയധികം പിന്തുണക്കാന്‍ ശശി തരൂര്‍ തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവും ശശി തരൂരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. സഞ്ജുവിന്റെ പ്രകടനങ്ങളെയെല്ലാം അഭിനന്ദിക്കാന്‍ എല്ലായ്പ്പോഴും തരൂര്‍ ഉണ്ടായിരുന്നു.
ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജുവിന്റേത്. 47 പന്തില്‍ 111 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലും സഞ്ജു ഓപ്പണിങ് ബാറ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജു- അഭിഷേക് സഖ്യത്തെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനാണ് ബിസിസിഐയുടെ തീരുമാനം.
അതേസമയം രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ കേരളത്തിനായി സഞ്ജു മത്സരിക്കാന്‍ ഇറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ സഞ്ജു ഉണ്ടായിരുന്നില്ല. രണ്ടാം മത്സരത്തിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ കേരളം ജയിച്ചിരുന്നു.