സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍ കൊച്ചിയില്‍: ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണന്‍ 'തക്കുടു'

Update: 2024-09-27 11:38 GMT

തിരുവനന്തപുരം: നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായി ഒളിമ്പിക്‌സ് മോഡലില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോയും ഭാഗ്യ ചിഹ്നവും മന്ത്രിമാരായ വി.ശിവന്‍കുട്ടിയും പി.രാജീവും ചേര്‍ന്നു പ്രകാശനം ചെയ്തു. മേളയുടെ ഭാഗ്യ ചിഹ്നം തക്കുടു എന്ന് പേരിട്ട് അണ്ണാറക്കണ്ണനാണ്. ഭാഗ്യചിഹ്നം രൂപകല്‍പ്പന ചെയ്തത് വിനോജ് സുരേന്ദ്രനാണ്. ലോഗോയുടെ ഡിസൈന്‍ ഋഷി കല്ലടയുടേതാണ്.

എല്ലാ വര്‍ഷവും വെവ്വേറെ നടത്തിയിരുന്ന അത്ലറ്റിക്‌സും ഗെയിംസ് മത്സരങ്ങളും ഒരുമിപ്പിച്ചാണ് ഇത്തവണ സ്‌കൂള്‍ കായിക മേള സംഘടിപ്പിക്കുന്നത്. സവിശേഷ മികവുള്ള കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങളും ഇതിനൊപ്പം സംഘടിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായിക മേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. ഇരുപതിനായിരത്തിലധികം കായികപ്രതിഭകളും, രണ്ടായിരം സവിശേ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കും. പങ്കാളിത്തംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകാന്‍ സാധ്യതയുള്ള മേളയാണിതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു.

നവംബര്‍ 4ന് വൈകിട്ട് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം. സമാപനം 11ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ്. ജില്ലയിലെ 50 സ്‌കൂളുകളിലായി കുട്ടികള്‍ക്കു താമസ സൗകര്യം ഒരുക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ചരിത്രത്തിലാദ്യമായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നു എന്ന സവിശേഷതയും ഈ വര്‍ഷത്തെ കായികമേളക്കുണ്ട്. കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസുമായി ഗള്‍ഫിലെ കേരള സിലബസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇന്നലെ നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ജേതാക്കളാകുന്ന കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റിനു പുറമേ ഗ്രേസ് മാര്‍ക്കും ലഭിക്കും.

Tags:    

Similar News