ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിയിൽ സലായുടെ ഈജിപ്ത് വീണു; സാദിയോ മാനെയുടെ ഗോളിൽ ജയിച്ചു കയറി സെനഗൽ; ഫൈനലിൽ എതിരാളികൾ മൊറോക്കോ
റബാത്ത്: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ കരുത്തരായ സെനഗലും ആതിഥേയരായ മൊറോക്കോയും ഏറ്റുമുട്ടും. ആഫ്രിക്കൻ കരുത്തന്മാർ അണിനിരന്ന സെമിഫൈനൽ പോരാട്ടങ്ങളിൽ ഈജിപ്തിനെ വീഴ്ത്തി സെനഗലും നൈജീരിയയെ ഷൂട്ടൗട്ടിൽ മറികടന്ന് മൊറോക്കോയും കലാശപ്പോരിന് യോഗ്യത നേടി.
സൂപ്പർതാരം സാദിയോ മാനെ നയിക്കുന്ന സെനഗൾ, മുഹമ്മദ് സലായുടെ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 78-ാം മിനിറ്റിൽ വെറ്ററൻ താരം മാനെയാണ് സെനഗളിന്റെ വിജയഗോൾ നേടിയത്. താരത്തിന്റെ അവസാന ടൂർണമെന്റുകളിൽ ഒന്നായിരിക്കും ഇത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയാണ് സെനഗാൾ അർഹിച്ച വിജയം നേടിയത്.
ടൂർണമെന്റിന്റെ ചരിത്രത്തിൽ നാലാം തവണയാണ് സെനഗാൾ ഫൈനലിൽ പ്രവേശിക്കുന്നത്. 2002-ൽ കാമറൂണിനോടും 2019-ൽ അൾജീരിയയോടും പരാജയപ്പെട്ട സെനഗാൾ, 2021-ൽ ഈജിപ്തിനെ വീഴ്ത്തി ആദ്യമായി കിരീടം നേടിയിരുന്നു. 2022-ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലും അതേ വർഷം നടന്ന ലോകകപ്പ് പ്ലേഓഫിലും പെനാൽറ്റി ഷൂട്ടൗട്ടുകളിലൂടെ സെനഗാൾ ഈജിപ്തിനെ പരാജയപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഈജിപ്ത് നായകൻ സലാഹിനെ പൂട്ടുന്നതിൽ സെനഗൾ പ്രതിരോധം വിജയം കണ്ടു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ബോക്സിന് തൊട്ടുവെളിയിൽനിന്നുള്ള സലാഹിന്റെ ഫ്രീകിക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. സെനഗളിന്റെ വിജയഗോൾ പിറന്നത് ബോക്സിന് വെളിയിൽനിന്നുള്ള കമാറയുടെ ലോങ് റേഞ്ച് ഷോട്ട് ഈജിപ്ത് താരത്തിന്റെ ശരീരത്തിൽ തട്ടി ഗതിമാറി മാനെയുടെ മുന്നിലെത്തിയപ്പോഴാണ്. ഒട്ടും വൈകാതെ താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയിലെത്തി. മത്സരത്തിൽ മഞ്ഞ കാർഡ് ലഭിച്ച സെനഗളിന്റെ പ്രതിരോധതാരം കാലിദൂ കൂലിബാലിക്ക് ഫൈനൽ മത്സരം നഷ്ടമാകും.
മറ്റൊരു സെമിഫൈനലിൽ ആതിഥേയരായ മൊറോക്കോയും നൈജീരിയയും നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ നൈജീരിയയെ മറികടന്ന് മൊറോക്കോ ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.