പയ്യനാട്ടെ ഗ്യാലറിയിൽ മഴയിലും ചോരാത്ത ആവേശം; രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് മലപ്പുറം; ഹാട്രിക്കുമായി ജോൺ കെന്നഡി; ഫോഴ്സ കൊച്ചി തകർത്തത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്

Update: 2025-12-05 04:39 GMT

മഞ്ചേരി: സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിൽ പ്രവേശനം നേടി മലപ്പുറം എഫ്.സി. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്.സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് (4-2) തകർത്താണ് മലപ്പുറം സെമി ഉറപ്പിച്ചത്. രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചടിച്ച് വിജയം നേടിയ മലപ്പുറത്തിനായി ജോൺ കെന്നഡി ഹാട്രിക് നേടി. ഈ സീസണിലെ മലപ്പുറത്തിന്റെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായിരുന്നു ഇത്.

മഞ്ചേരിയിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ അഭിത്തിലൂടെ കൊച്ചിയാണ് ആദ്യം മുന്നിലെത്തിയത്. ഇർഷാദിന്റെ കാലിൽ തട്ടി വലയിലേക്ക് കയറിയ പന്ത് മലപ്പുറത്തെ ഞെട്ടിച്ചു. തുടർന്ന് 26-ാം മിനിറ്റിൽ യുഗാണ്ടൻ താരം അമോസ് കിരിയ നൽകിയ പാസിൽനിന്ന് അലക്സാണ്ടർ റൊമാരിയോ ഗോൾ നേടിയതോടെ കൊച്ചി 2-0ന് ലീഡ് ഉയർത്തി.

എന്നാൽ, പിന്നിൽ നിന്ന മലപ്പുറം തിരിച്ചടി തുടങ്ങി. 33-ാം മിനിറ്റിൽ ഫസലു നൽകിയ പന്തിൽ കെന്നഡി മലപ്പുറത്തിന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത്, കൊച്ചി താരത്തിന്റെ പിഴവ് മുതലെടുത്ത് കെന്നഡി വീണ്ടും വല കുലുക്കി, സ്കോർ 2-2 ആക്കി സമനിലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ മലപ്പുറം ആക്രമണം കടുപ്പിച്ചു. 49-ാം മിനിറ്റിൽ ടോണി നൽകിയ പാസിൽനിന്ന് ഉഗ്രൻ ഡൈവിങ് ഷോട്ടിലൂടെ കെന്നഡി തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇതോടെ മലപ്പുറം മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. പിന്നീട്, 88-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത കൊച്ചിയുടെ വലയിൽ നാലാം ഗോളും എത്തിച്ച് മലപ്പുറത്തിന്റെ വിജയം ഉറപ്പിച്ചു.

Tags:    

Similar News