മലബാർ ഡെർബിയിലെ ത്രില്ലർ പോര് സമനിലയിൽ; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ തിരിച്ചുവരവ് രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം; അജ്‌സലിന് ഇരട്ട ഗോൾ

Update: 2025-10-20 08:53 GMT

മഞ്ചേരി: സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള സമനിലയിൽ കലാശിച്ചു. കോരിച്ചൊരിയുന്ന മഴത്ത് നടന്ന ത്രില്ലർ പോരാട്ടത്തിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. അവസാന നിമിഷങ്ങളിൽ നേടിയ രണ്ട് ഗോളുകളാണ് മലപ്പുറത്തിന് സമനില നേടിക്കൊടുത്തത്.

മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. കാലിക്കറ്റ് എഫ്.സി 87-ാം മിനിറ്റ് വരെ 3-1ന് മുന്നിട്ടുനിന്ന ശേഷമാണ് മലപ്പുറം ശക്തമായ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മുഹമ്മദ് അജ്സലിലൂടെയാണ് കാലിക്കറ്റ് എഫ്.സി ആദ്യം ലീഡ് നേടിയത്. കോർണർ കിക്കിന് ശേഷം റീബൗണ്ടായി ലഭിച്ച പന്ത് നിയന്ത്രണത്തിലാക്കി അജ്സൽ മലപ്പുറം വല കുലുക്കുകയായിരുന്നു. ഇത് ലീഗിൽ മലപ്പുറം വഴങ്ങുന്ന ആദ്യ ഗോളായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് മലപ്പുറം ക്യാപ്റ്റനും സ്പാനിഷ് താരവുമായ ഐറ്റർ അൽദാലൂർ ഹെഡറിലൂടെ സമനില ഗോൾ നേടി. മലപ്പുറത്തിന് ലഭിച്ച കോർണർ കിക്കാണ് ഈ ഗോളിലേക്ക് വഴിവെച്ചത്.

രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ ക്യാപ്റ്റൻ പ്രശാന്ത് മോഹൻ കാലിക്കറ്റിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. മുഹമ്മദ് സാലിമിന്റെ ക്രോസിന് തലവെച്ചാണ് പ്രശാന്ത് വലകുലുക്കിയത്. 72-ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ തന്റെ രണ്ടാം ഗോളും കാലിക്കറ്റിന്റെ മൂന്നാം ഗോളും നേടി. മൈതാനമധ്യത്തിൽ നിന്ന് പന്തുമായി ഒറ്റക്ക് മുന്നേറിയ അജ്സൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. എന്നാൽ, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മലപ്പുറം ശക്തമായി തിരിച്ചുവരികയായിരുന്നു. 88-ാം മിനിറ്റിൽ നിഥിൻ മധുവിന്റെ ഗോളിലൂടെ മലപ്പുറം രണ്ടാം ഗോൾ നേടി. തൊട്ടുപിന്നാലെ 89-ാം മിനിറ്റിൽ ജോൺ കെന്നഡി നേടിയ ഗോളിലൂടെ മലപ്പുറം സമനില പിടിക്കുകയായിരുന്നു. 

Tags:    

Similar News