അക്വാട്ടിക്സിലും ഗെയിംസിലും സമ്പൂർണ ആധിപത്യം; സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ കപ്പടിച്ച് തിരുവനന്തപുരം; അത്‍ലറ്റിക്സിൽ മലപ്പുറം; സ്കൂളുകളിൽ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. 1825 പോയിന്റുകൾ നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 892, 859 പോയിന്റുകൾ നേടി യഥാക്രമം തൃശൂർ, കണ്ണൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
ഈ വർഷത്തെ മേളയിൽ തിരുവനന്തപുരം ജില്ലയുടെ വിജയത്തിന് പിന്നിൽ അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിലെ മികച്ച പ്രകടനമാണ് പ്രധാനമായും എടുത്തുനിൽക്കുന്നത്. ഗെയിംസ് ഇനങ്ങളിൽ 1107 പോയിന്റുകൾ നേടിയ തിരുവനന്തപുരം, 798 പോയിന്റുകൾ മാത്രം നേടിയ കണ്ണൂർ ജില്ലയെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. അക്വാട്ടിക്സ് വിഭാഗത്തിലും തിരുവനന്തപുരം മുന്നിലെത്തി, 649 പോയിന്റുകൾ കരസ്ഥമാക്കി. ഈ വിഭാഗത്തിൽ 149 പോയിന്റുകളോടെ തൃശൂർ രണ്ടാം സ്ഥാനത്തെത്തി.
അത്‍ലറ്റിക്സ് ഇനങ്ങളിൽ മലപ്പുറം ജില്ല 247 പോയിന്റുകളോടെ ചാമ്പ്യൻ പട്ടം നേടി. 212 പോയിന്റുകളുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും 91 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി. അവസാന ദിനം നടന്ന 400 മീറ്റർ, 4x100 മീറ്റർ റിലേ മത്സരങ്ങളിൽ പാലക്കാടിന്റെ പ്രകടനം മികച്ചതായിരുന്നു. 400 മീറ്റർ മത്സരങ്ങളിൽ നിന്ന് പാലക്കാട് ജില്ലയ്ക്ക് മൂന്നു സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടാനായി.
സ്കൂളുകളുടെ വിഭാഗത്തിൽ കടകശ്ശേരിയിലെ ഐഡിയൽ എച്ച്.എസ്.എസ്. 78 പോയിന്റുകളോടെ ഒന്നാം സ്ഥാനം നേടി. 58 പോയിന്റുകളുമായി വടവന്നൂരിലെ വി.എം.എച്ച്.എസ്. രണ്ടാമതും 57 പോയിന്റുകളോടെ തിരുനാവായയിലെ നാവാമുകുന്ദ എച്ച്.എസ്.എസും തൊട്ടുപിന്നിൽ എത്തി.
400 മീറ്റർ മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ വടവന്നൂരിലെ വി.എം.എച്ച്.എസ്.എസ്.സിലെ നിവേദ്യ കലാധരൻ സ്വർണം നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ കുഴൽമന്നത്തെ സി.എച്ച്.എസ്.എസ്.സിലെ സിനിൽ എ.സി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ ബോയ്സ് വിഭാഗത്തിൽ വടവന്നൂരിലെ വി.എം.എച്ച്.എസ്.സിലെ എം.ഐ. അൽ ഷമീൻ ഹുസൈൻ സ്വർണം നേടി. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് സെന്റ് ജോർജ്ജ് കുളത്തുവയൽ സ്കൂളിലെ അൽക്ക ഷിനോജ് രണ്ടാം സ്വർണം നേടി.
ജൂനിയർ ബോയ്സ് മത്സരത്തിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച നാവാമുകുന്ദ എച്ച്എസ് എസ് തിരുനാവായിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നീരജാണ് സ്വർണം നേടിയത്. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ വെങ്കലം നേടിയ നീരജിന്റെ ആദ്യ സ്വർണ നേട്ടമാണ്. നീരജ് ഉത്തർപ്രദേശിലെ ബസ്തി ജില്ല സ്വദേശിയാണ്. കഴിഞ്ഞ ആറുമാസങ്ങളായി നീരജ് നാവാമുകുന്ദയിൽ പഠിക്കുകയാണ്.
സീനിയർ ഗേൾസ് വിഭാഗത്തിൽ ആലപ്പുഴയിലെ ഗവൺമെൻറ് ഡിവിഎച്ച്എസ്എസ്. സ്കൂളിലെ വിദ്യാർഥിനിയായ നവ്യ വി.ജെ. ആണ് സ്വർണം കരസ്ഥമാക്കിയത്. അത്‌ലറ്റിക്സിൽ അവസാന മത്സരമായ 4 x 100 മീറ്റർ റിലേയിൽ മലപ്പുറം ജില്ലാ മൂന്ന് സ്വർണം നേടി. സബ്ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, എന്നീ വിഭാഗങ്ങളിലാണ് മലപ്പുറം സ്വർണ്ണം നേടിയത്. സീനിയർ ബോയ്സ് വിഭാഗത്തിൽ ജില്ല പുതിയ റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ 15 വർഷങ്ങളായി നിലനിന്നിരുന്ന കോട്ടയത്തിന്റെ 42.63 സെക്കന്റ് എന്ന റെക്കോർഡാണ് മലപ്പുറം 42.48 സെക്കന്റിൽ പൂർത്തിയാക്കിയത്.
സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ വിജയികളായ പാലക്കാടും പുതിയ റെക്കോർഡ് നേടി. കഴിഞ്ഞ 42 വർഷങ്ങളായി നിലനിന്നിരുന്ന കണ്ണൂരിന്റെ 51.78 സെക്കന്റ് എന്ന റെക്കോർഡാണ് പാലക്കാട് തിരുത്തിയത്. 51.71 സെക്കന്റാണ് പുതിയ റെക്കോർഡ്. ജൂനിയർ ബോയ്സ് വിഭാഗത്തിലെ കഴിഞ്ഞവർഷത്തെ റെക്കോർഡായ 43.5 തൃശൂർ തിരുത്തി. 43.45 സെക്കന്‍ഡാണ് പുതിയ റെക്കോർഡ്.
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ 57 പോയിന്റുകളോടെ ജി.വി. രാജ സ്‌കൂള്‍ മുന്നിലെത്തി. രണ്ടാം സ്ഥാനം സിഎസ്എച്ച് വയനാടിനാണ്. എട്ട് പോയിന്റാണ് സിഎസ്എച്ചിന്റെ സമ്പാദ്യം. സായി കൊല്ലത്തിനും 8 പോയിന്റാണ് ലഭിച്ചത്. അക്വാട്ടിക്കിലും ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരത്തിന് അത്‌ലറ്റിക്സിൽ തിളങ്ങാനായില്ല. ആകെ 69 പോയിന്റാണ് ഈ ഇനത്തില്‍നിന്നും തിരുവനന്തപുരത്തിന് നേടാനായത്. അതില്‍ 57 പോയിന്റും സ്വന്തമാക്കിയത് ജി.വി. രാജയാണ്. ആകെ 17 ഇനങ്ങളില്‍നിന്നായി ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് നേടിയെടുത്തത്.
