ജനിച്ചത് ചെറിയ പുരുഷ ലിംഗവും വൃഷണങ്ങളുമായി; എക്‌സ് വൈ ക്രോമസോമുകള്‍; പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ചോര്‍ന്നതോടെ മെഡല്‍ തിരിച്ചെടുക്കണമെന്ന് മുറവിളി
വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍, ഇമാന്‍ ഖലീഫില്‍ നിന്ന് മൂക്കിനേറ്റ ഇടി ഇറ്റാലിയന്‍ വനിതാ താരം ആഞ്ജല കരിനി മറക്കില്ല, അവര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും അള്‍ജീരിയന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വനിതാ ബോക്‌സര്‍ ഇമാന്റെ ലിംഗസ്വത്വം സംബന്ധിച്ച് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇമാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ന്നതാണ് ഒടുവിലത്തെ വലിയ വാര്‍ത്ത. ജൈവശാസ്ത്രപരമായി ഇമാന്‍ പുരുഷന്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒളിമ്പിക്സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവായ ഇമാന്‍ പുരുഷനാണെന്ന് വ്യക്തമായതോടെ മെഡല്‍ തിരിച്ചുപിടിക്കണമെന്ന മുറവിളികളും ഉയര്‍ന്നിരിക്കുകയാണ്. ഒളിമ്പിക്‌സ് പുരോഗമിക്കുമ്പോള്‍ തന്നെ പലരും ഇമാന്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു.
പാരീസിലേയും അള്‍ജീരിയയിലേയും ആശുപത്രികള്‍ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റമെഡിക്കല്‍ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഫ്രഞ്ച് ദിനപ്പത്രം 'ലെ കറസ്പോണ്ടന്റാ'ണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇമാന്‍ ഖലീഫ് വൃഷണവും ചെറിയ പുരുഷലിംഗവുമായാണ് ജനിച്ചത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. താരത്തിന് ഗര്‍ഭാശയമില്ലെന്നും ഇന്‍ഗ്വിനല്‍ കനാലുകളില്‍ ബീജഗ്രന്ഥിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്ലൈന്‍ഡ് വജൈനയും ക്ലിറ്റോറല്‍ ഹൈപ്പര്‍ട്രോഫിയുടെ രൂപത്തില്‍ മൈക്രോ- പീനിസുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
5-ആല്‍ഫ ഡെഫിഷ്യന്‍സി എന്ന അവസ്ഥയും ഇമാന്‍ ഖലീഫിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞുങ്ങളുടെ ലൈംഗിക വളര്‍ച്ചയെ ബാധിക്കുന്ന അപൂര്‍വ ജനിതക രോഗമാണ് 5-ആല്‍ഫ ഡെഫിഷ്യന്‍സി. എക്‌സ് വൈ ക്രോമസോമുകള്‍, പുരുഷ ടെസ്റ്റോസ്‌റ്റെറോണ്‍ ലെവലുകള്‍, വൃഷണം, മൈക്രോ പീനിസ് ഇതെല്ലാം സൂചിപ്പിക്കുന്നത് ജൈവശാസ്ത്രപരമായി ഇമാന്‍ പുരുഷനാണ് എന്നാണ്.
2023 ല്‍ ഇമാന്‍ ഖലീഫിനെ ന്യൂഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ വിലക്കിയിരുന്നു. പാരീസില്‍ ഇമാന് നല്‍കിയ സ്വര്‍ണ മെഡല്‍ തിരിച്ചെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പോസ്റ്റിട്ടു.